KOYILANDY DIARY

The Perfect News Portal

തീൻമേശക്ക് മുമ്പിലെ സൗമ്യ സാന്നിദ്ധ്യം ജാബിർക്ക ഇനി ഓർമ്മ..

കൊയിലാണ്ടി; തീൻമേശക്ക് മുമ്പിലെ സൗമ്യ സാന്നിദ്ധ്യം ജാബിർക്ക (ജാഫർ) ഇനി ഓർമ്മ.. കൊയിലാണ്ടി പട്ടണത്തിലെ ഹോട്ടലിൽ മൂന്ന് പതിറ്റാണ്ടുകളിലേറെയായി ഭക്ഷണം വിളമ്പുന്ന 54 കാരനായ ജാബിർക്കയെ ആർക്കും മറക്കനാകില്ല. കൊയിലാണ്ടിയിലെത്തുന്ന ഏതൊരാളും ദേശീയപാതയിലെ പ്ലാസ ഹോട്ടലിന് മുമ്പിൽ വാഹനം നിർത്തി അകത്ത് കയറി മേശയിലേക്ക് ഇരിക്കുമ്പോൾ അവർക്ക് മുമ്പിൽ ഒരു സൗമ്യസ്വഭാവക്കാരനായ ജാബിർക്ക മുമ്പിലെത്തും. എപ്പോഴോ എവിടെയോ വെച്ച് പരിചയമുള്ള ഒരാളെപോലെ വിശന്ന് മുന്നിൽ വന്നിരിക്കുന്നവർക്ക് ഇളം പുഞ്ചിരിയിൽ സൗമ്യ ഭാഷയിൽ ജാബിർക്കയുടെ സാന്നിദ്ധ്യവും മനസറിഞ്ഞുള്ള ചോദ്യവും.. ഹോട്ടലിലെ രുചിക്കൂട്ടിൽ തയ്യാറാക്കിയ ഇന്നത്തെ സ്‌പെഷ്യൽ ഐറ്റംസുകൾ അവർക്ക് മുമ്പിൽ ലളിതമായി അവതരിപ്പിക്കും. തുടർന്ന് അടുക്കളയിൽ ഓർഡർ കൊടുത്തശേഷം കുടിക്കാനുള്ള വെള്ളം ചൂടുള്ളതും തണുത്തതും ആവശ്യക്കാരുടെ താൽപ്പര്യത്തിനുസരിച്ച് വേഗത്തിൽ എത്തിക്കാൻ പ്രത്യേകം ശ്രമിക്കും.

പിന്നീട് അടുക്കളയിൽ തയ്യാറാക്കിയ വിഭവങ്ങൾ ഓരോന്നും അവരുടെ മുന്നിലെത്തിക്കാൻ കാണിക്കുന്ന താൽപ്പര്യം വ്യത്യസ്തമാണ്. ആർക്കും ഒരു പരാതിയുമില്ലാതെ സ്വന്തം വീട്ടിൽ ആരെങ്കിലും വിരുന്നിനെത്തിയാൽ അവരോടു കാണിക്കുന്ന തനി മലയാളിയുടെ അതേ സമീപനമാണ് ഹോട്ടലിലെത്തുന്ന മറ്റുള്ളവരോടും ജാബിർക്ക (ജാഫർ) കാണിക്കുക. ഭക്ഷണം കഴിച്ചവർക്ക് പൂർണ്ണ സംതൃപ്തി അതാണ് ആ തൊഴിലാളിയുടെ മനസിനെ അടയാളപ്പെടുത്തുന്നത്. പച്ചയായ ആ മലയാളി പെരുമ ജാബിർക്കയ്ക്ക് മാത്രം സ്വന്തം. അങ്ങിനെ ഹോട്ടലിൽ എത്തുന്ന ആളുകൾക്ക് ഈ മനുഷ്യനോടുള്ള സ്‌നേഹക്കൂടുതൽ എക്കാലത്തും ഈ സ്ഥാപനത്തിന് കിട്ടുന്ന വലിയൊരു മുതൽക്കൂട്ടായി മാറി.

കാലത്ത് ഹോട്ടലിൽ വന്നാൽ ഭക്ഷണ തിരക്ക് ഒഴിയുന്ന സമയത്ത് വല്ലപ്പോഴും അദ്ധേഹം പുറത്തേക്ക് പോകും അതും അടുത്ത കടകളിലെയും മറ്റു ചില സുഹൃത്തുക്കളെ കാണാനും അൽപ്പം സംസാരിക്കാനും മാത്രമായി ചിലവഴിക്കും. കൊയിലാണ്ടി പുതിയ ബസ്സ് സ്റ്റാന്റ് പരിസരത്തും മറ്റിടങ്ങളിലുമായി ജാബിർക്കയുടെ സാന്നിദ്ധ്യം ആർക്കും മറക്കാനാകില്ല. ഒരുപാട് നല്ല സുഹൃത്ത് വലയം ഉണ്ടാക്കാൻ അദ്ധേഹം പ്രത്യേകം ശ്രമിക്കുമായിരുന്നു. അങ്ങിനെ വലിയ സൗഹൃദത്തിന്റെ ഉടമകൂടിയായ അദ്ധേഹം ഇടതുപക്ഷ ആശയം പ്രചരിപ്പിക്കുന്നതിലും പ്രധാനിയാണ്. ഇടതുപക്ഷത്തിനെതിരെയും സിപിഐ(എം)നെതിരെയും ആരെങ്കിലും ശബ്ദിച്ചാൽ അതിനെ പ്രതിരോധിക്കാൻ ജാബിർക്ക സടകുടഞ്ഞെഴുന്നേൽക്കുന്നത് പലരും ഈ ഘട്ടത്തിൽ ഓർക്കുകയാണ്. ശക്തമായ രാഷ്ട്രീയം പറയുമെങ്കിലും ആരോടും ശത്രുതയില്ലാതെ പെരുമാറാൻ ജാബിർക്ക പ്രത്യേകം ശ്രദ്ധിക്കുമായിരുന്നു.

Advertisements

ചില ആഴ്ചയിൽ തിരക്കില്ലാത്ത ദിവസങ്ങളിൽ മാത്രമാണ് അദ്ധേഹം ലീവെടുക്കാറുള്ളതെന്ന് അദ്ധേഹത്തിന്റെ അടുത്ത ചില സുഹൃത്തുക്കൾ പറയുന്നു. ചൊവ്വാഴ്ചയും അത്തരത്തിൽ ലീവെടുക്കുകയുണ്ടായി. പക്ഷെ വൈകീട്ട് ഇങ്ങനെയൊരു ദുരന്തത്തിലേക്കായിരുന്നു അത് എന്ന് വിശ്വസിക്കൻ കഴിയുന്നില്ലെന്നാണ് ഹോട്ടലുടമകളും മറ്റ് സഹ പ്രവര്ത്തകരും പറയുന്നത്. ചൊവ്വാഴ്ച 6 മണിയോടുകൂടിയാണ് അദ്ധേഹത്തിന് ട്രെയിന് തട്ടിയതായ അഭ്യൂഹം നാട്ടിലാകെ പരക്കുന്നത്. ഒരു മണിക്കൂറിലേറെ കഴിയുമ്പോഴേക്കും ഔദ്യോഗിക സ്ഥിരീകരണവും ഉണ്ടായി. കൊയിലാണ്ടി താഴങ്ങാടിയിലാണ് അദ്ധേഹത്തിന്റെ താമസം. പോലീസ് നടപടികൾ പൂർത്തിയാക്കി മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം ബുധനാഴ്ച കുടുംബാംഗങ്ങൾ ഏറ്റുവാങ്ങും. മയ്യിത്ത് നിസ്കാരം: ഉച്ചക്ക് 1.30ന് കൊയിലാണ്ടി മുഹയുദ്ദീൻ ജുമാ മസ്ജിദിൽ നടക്കുമെന്ന് വീട്ടുകാർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *