തീരദേശ പാത കൊല്ലം പാറപ്പള്ളി വരെ നീട്ടണം: തീരദേശ ഹിന്ദു സംരക്ഷണ സമിതി

കൊയിലാണ്ടി: കാപ്പാട് നിന്ന് ആരംഭിച്ച് ഹാർബറിൽ അവസാനിക്കുന്ന കൊയിലാണ്ടിയിലെ തീരദേശ പാത കൊല്ലം പാറപ്പള്ളി വരെ നീട്ടണമെന്ന് തീരദേശ ഹിന്ദു സംരക്ഷണ സമിതി ആവശ്യപ്പെട്ടു. ഹാർബർ നിർമ്മാണം പൂർത്തിയാകുമ്പോൾ പാറപ്പള്ളി വരെ തീരദേശ റോഡ് പൂർത്തിയാക്കുമെന്ന് ജനപ്രതിനിധികൾ ഉറപ്പു നൽകിയിരുന്നെങ്കിലും, ഹാർബർ വരെയുള്ള റോഡാണ് ഇപ്പോൾ പൂർത്തിയായത്.
കൂത്തംവള്ളി, ഗുരുകുലം, കൊല്ലം, എന്നിവിടങ്ങളിൽ മൽസ്യതൊഴിലാളികൾ തിങ്ങി താമസിക്കുന്ന പ്രേദേശമാണ്. തീരദേശ റോഡ് നീട്ടുകയാണെങ്കിൽ മൽസ്യ തൊഴിലാളികൾക്ക് ഏറെ പ്രയോജനം ചെയ്യും. ഇവിടങ്ങളിലെ തൊഴിലാളികൾ ഹാർബറിൽ എത്താൻ ദേശീയപാത വഴിയോ, കാൽനടയായോ ആണ് എത്തുന്നത്. നേരത്തെ തീരദേശ റോഡ് പൂർത്തിയാക്കാൻ ജനപ്രതിനിധികൾക്ക് മൽസ്യതൊഴിലാളികൾ നിവേദനം നൽകിയിരുന്നു.

തീരദേശ റോഡ് പൂർത്തിയായാൽ നഗരത്തിൽ ഗതാഗത കുരുക്ക് ഉണ്ടാവുമ്പോൾ ബദൽ റോഡായും ഉപയോഗിക്കാനാവും. ഹാർബർ ഉൽഘാടനത്തിനു മുൻപെ അനുകൂലമായ തീരുമാനമായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.

