തിരൂരിൽ പാനീയം നല്കി വീട്ടുകാരെ മയക്കിക്കിടത്തി വന്‍ കവര്‍ച്ച

തിരൂര്‍: പാനീയം നല്കി വീട്ടുകാരെ മയക്കിക്കിടത്തി വന്‍ കവര്‍ച്ച. തിരൂര്‍ ആലിങ്ങലില്‍ ഞായറാഴ്ചയാണ് സംഭവം. സംഭവത്തില്‍ തമിഴ്നാട്ടുകാരിയായ വീട്ടുജോലിക്കാരിയെ പോലീസ് തെരയുന്നു. തമിഴ്നാട് പൊള്ളാച്ചി സ്വദേശിനി മാരിയമ്മ(47)യെ ആണ് പോലീസ് തെരയുന്നത്. തിരൂര്‍ തൃപ്രങ്ങോട് ആലിങ്ങല്‍ എടശ്ശേരി ഖാലിദ് അലിയുടെ വീട്ടിലാണു കവര്‍ച്ച നടന്നത്. കുടുംബനാഥനും ഭാര്യയും ഇപ്പോഴും അബോധാവസ്ഥയിലാണ്. മകള്‍ക്ക് ബോധം തിരിച്ചുകിട്ടി.
ഖാലിദ് അലി, ഭാര്യ സൈനബ, മകള്‍ ഫിദ എന്നിവര്‍ക്ക് ഇഞ്ചിയും മഞ്ഞളും തുളസിയും ചേര്‍ത്ത പാനീയത്തില്‍ മയങ്ങാനുള്ള വസ്തു കലര്‍ത്തി നല്കിയ ശേഷമാണു കവര്‍ച്ച നടത്തിയത്.ആശുപത്രിയില്‍ വെച്ച് ബോധം തിരിച്ചുകിട്ടിയ ഫിദയാണ് പാനീയം നല്കിയ വിവരം പോലീസിനെ അറിയിച്ചത്. മൂന്നു ദിവസം മുന്‍പാണ് മാരിയമ്മ ഇവരുടെ വീട്ടില്‍ ജോലിക്കെത്തിയത്. ഇവരെ എത്തിച്ചുനല്‍കിയ സേലം സ്വദേശിയെ പോലീസ് കസ്റ്റഡിയിലെടുത്തു. കവര്‍ച്ച മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്നാണ് പോലീസിന്റെ നിഗമനം.

ഞായറാഴ്ച രാവിലെ വാതില്‍ തുറന്നുകിടക്കുന്നതു കണ്ട് അന്വേഷിക്കാന്‍ ചെന്ന അയല്‍വാസികളാണ് ഖാലിദും ഭാര്യയും മകളും അബോധാവസ്ഥയില്‍ കിടക്കുന്നത് കണ്ടത്. ഉടന്‍ തന്നെ മൂന്നുപേരെയും തിരൂര്‍ ജില്ലാ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചു. സൈനബയും ഫിദയും അണിഞ്ഞിരുന്ന ആഭരണങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. അലമാര തുറന്ന് സാധനങ്ങള്‍ വാരിവലിച്ചിട്ട നിലയിലാണ്.

