തിരുവാഭരണ ഘോഷയാത്ര ഇന്ന് പുറപ്പെടും

പത്തനംതിട്ട: മകരവിളക്ക് ദിവസം അയ്യപ്പന് ചാര്‍ത്താനുള്ള തിരുവാഭരണങ്ങള്‍ വഹിച്ചുകൊണ്ടുള്ള തിരുവാഭരണ ഘോഷയാത്ര ഇന്ന് പുറപ്പെടും. ആകാശത്തില്‍ കൃഷ്ണപരുന്ത് വട്ടമിട്ട് പറന്നതിന് ശേഷം പന്തളം കൊട്ടാരത്തില്‍ നിന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാവും ഘോഷയാത്ര പുറപ്പെടുക. ഇന്ന് രാവിലെ 6.15 ഓടെ പുറത്തെടുത്ത തിരുവാഭരണങ്ങള്‍ ദര്‍ശിക്കാന്‍ വന്‍ ഭക്തജനതിരക്കാണ് അനുഭവപ്പെടുന്നത്. ഉച്ചയ്ക്ക് 12.30 വരെ തീര്‍ത്ഥാടകര്‍ക്ക് കണ്ടു തൊഴാനുള്ള അവസരം ഉണ്ടാകും. പന്തളം കൊട്ടാരത്തില്‍ കുടുംബാംഗത്തിന്റെ മരണം നടന്നതിനാല്‍ പ്രത്യേകം ശുദ്ധിക്രിയകള്‍ക്ക് ശേഷമാണ് തിരുവാഭരണ പേടകങ്ങള്‍ ഭക്തര്‍ക്ക് ദര്‍ശിക്കാനായി അവസരം നല്‍കിയത്. ഗുരു സ്വാമി കുളത്തിനാല്‍ ഗംഗാധരന്‍ പിളളയും, സംഘവുമാവും തിരുവാഭരണ പേടകങ്ങള്‍ ശിരസ്സിലേറ്റുക.31 കേന്ദ്രങ്ങളിലായി തിരുവാഭരണങ്ങള്‍ ഭക്തജന ദര്‍ശനത്തിനായി വയ്ക്കും. ഈ മാസം പതിനഞ്ചിനാണ് മകരവിളക്ക്. വൈകിട്ട് ദീപാരാധന സമയത്തിനു മുന്‍പായി പന്തളം കൊട്ടാരത്തില്‍ നിന്നു കൊണ്ടു വരുന്ന തിരുവാഭരണം സന്നിധാനത്തെത്തും. തിരുവാഭരണം ചാര്‍ത്തിയുള്ള ദീപാരധനയ്ക്കു ശേഷമാവും മകരജ്യോതി ദര്‍ശിക്കാന്‍ കഴിയുക. ജ്യോതി ദര്‍ശനത്തിനായി ആയിരക്കണക്കിനു ഭക്തര്‍ ഇതിനകം തന്നെ സന്നിധാനത്ത് തമ്പടിച്ചിട്ടുണ്ട്.
