തിരുവനന്തപുരം, പാലക്കാട‌് ഡിവിഷനിലെ ട്രെയിനുകളില്‍ ബയോടോയ‌്‌ലെറ്റുകള്‍ സജ്ജമാകും

സംസ്ഥാനത്ത‌് ഞായറാഴ‌്ചയ‌്ക്കുള്ളില്‍ തിരുവനന്തപുരം, പാലക്കാട‌് ഡിവിഷനിലെ ട്രെയിനുകളിലെ 2573 കോച്ചിലും ബയോടോയ‌്‌ലെറ്റുകള്‍ സജ്ജമാകും. തിരുവനന്തപുരം ഡിവിഷനില്‍ 18 കോച്ചിലും പാലക്കാട‌് ഡിവിഷനില്‍ ഒമ്ബത‌് കോച്ചിലുമാണ‌് ഇനി ബയോടോയ‌്‌ലെറ്റ‌് ഘടിപ്പിക്കാനുള്ളത‌്. കോച്ചുകളിലെ പഴയ ടോയ‌്‌ലെറ്റ‌് സംവിധാനം ഇളക്കിമാറ്റി ബയോടോയ‌്‌ലെറ്റുകള്‍ സ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ വേഗം പൂര്‍ത്തിയാക്കാന്‍ തിരുവനന്തപുരം ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ ശിരീഷ‌്കുമാര്‍ സിന്‍ഹ ജീവനക്കാര്‍ക്ക‌് നിര്‍ദേശം നല്‍കി.
എല്ലാ ട്രെയിനിലും ബയോടോയ്‌ലെറ്റ് സംവിധാനം ഏര്‍പ്പെടുത്തണമെന്ന‌് മുഖ്യമന്ത്രി പിണറായി വിജയന്‍ റെയില്‍വേ മന്ത്രിയോടും റെയില്‍വേ ബോര്‍ഡ‌് ചെയര്‍മാനോടും ആവശ്യപ്പെട്ട പ്രകാരമാണ‌് പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കിയത‌്. സംസ്ഥാനത്തുകൂടെ കടന്നുപോകുന്ന ദീര്‍ഘദൂര ട്രെയിനുകളില്‍ ബയോടോയ‌്‌ലെറ്റ‌് ഘടിപ്പിക്കാനുള്ള ഉത്തരവാദിത്തം അതത‌് ഡിവിഷനുകള്‍ക്കാണ‌്. അത്തരം ട്രെയിനുകളിലും വൈകാതെ ബയോടോയ‌്‌ലെറ്റ‌് സംവിധാനമെത്തും. ഇതോടെ സംസ്ഥാനത്തെ റെയില്‍വേ ട്രാക്കുകള്‍ പൂര്‍ണമായി മാലിന്യവിമുക്തമാകും.

ബയോടോയ‌്‌ലെറ്റ‌്
ടോയ‌്‌ലെറ്റിനടിയിലെ പ്രത്യേക ടാങ്കില്‍ എത്തുന്ന മാലിന്യം അനഎയ‌്റോബിക‌് ( anaerobic bacteria ) ബാക‌്ടീരിയയുടെ സഹായത്തോടെ വിഘടിച്ച‌് ജലവും വായുവുമാക്കി പുറന്തള്ളും. ക്ലോറിനേഷന്‍ നടത്തിയ ജലം മാത്രമാണ‌് പുറന്തള്ളുക. യാത്രക്കാരുടെ അഭിപ്രായം പരിഗണിച്ച‌് ബയോടോയ‌്‌ലെറ്റുകളുടെ സാങ്കേതികവിദ്യയിലും റെയില്‍വേ മാറ്റം വരുത്തിയിരുന്നു. കുറച്ച‌് അളവില്‍ ജലം ഉപയോഗിച്ചാല്‍ മതിയാകുന്ന വാക്വം ബയോടോയ‌്‌ലെറ്റുകളാണ‌് ഇപ്പോള്‍ ഉപയോഗിക്കുന്നത‌്.

