തിരുവങ്ങൂര്‍ കേരള ഫീഡ്‌സ് ഫാക്ടറി; ഉത്പാദനം മൂന്നു മാസത്തിനകം ആരംഭിക്കുമെന്ന് ക്ഷീരവികസന വകുപ്പ് മന്ത്രി കെ. രാജു

കൊയിലാണ്ടി: ഉദ്ഘാടനംചെയ്ത് ഒരുവര്‍ഷമായിട്ടും അടഞ്ഞു കിടക്കുന്ന തിരുവങ്ങൂര്‍ കേരള ഫീഡ്‌സ് കാലിത്തീറ്റ ഫാക്ടറി സന്ദര്‍ശിക്കാന്‍ ക്ഷീരവികസന വകുപ്പ് മന്ത്രി കെ. രാജു എത്തി. സാങ്കേതിക തടസ്സങ്ങളെല്ലാം നീക്കി ഫാക്ടറിയില്‍ കാലിത്തീറ്റ ഉത്പാദനം മൂന്നു മാസത്തിനകം ആരംഭിക്കുമെന്ന് മന്ത്രി ഉറപ്പുനല്‍കി. കാലിത്തീറ്റ നിര്‍മാണ ഫാക്ടറി ഉദ്ഘാടനം ചെയ്തിട്ട് ഒരുവര്‍ഷമാകാനായിട്ടും കെട്ടിടനമ്പര്‍ ഇനിയും ലഭിച്ചിട്ടില്ല. ഇക്കാര്യത്തില്‍ തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി കെ.ടി. ജലീല്‍ ഇടപെട്ട് ഉടന്‍ പരിഹാരം കാണുമെന്ന് മന്ത്രിയും കെ. ദാസന്‍ എം.എല്‍.എ.യും അറിയിച്ചു.
സര്‍ക്കാര്‍ ഉത്തരവുകിട്ടിയാല്‍ അഞ്ചുമിനിറ്റുകൊണ്ട് കെട്ടിട ലൈസന്‍സ് നല്‍കുമെന്ന് ചേമഞ്ചേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അശോകന്‍ കോട്ട് മന്ത്രിയെ അറിയിച്ചു. കെട്ടിടനമ്പര്‍ ലഭിക്കാത്തതിനാല്‍ ഫാക്ടറിക്ക് വൈദ്യുതി കണക്ഷന്‍ ലഭിച്ചിട്ടില്ല. കെ.എസ്.ഇ.ബി. അധികൃതരുമായി അടിയന്തിര ചര്‍ച്ച നടത്തി ഈ പ്രശ്‌നവും പരിഹരിക്കുമെന്ന് മന്ത്രി പറഞ്ഞു. ഫാക്ടറിക്ക് വൈദ്യുതി കണക്ഷന്‍ ലഭിക്കാന്‍ 2.12 കോടിരൂപ കെ.എസ്.ഇ.ബി.യില്‍ അടച്ചിട്ട് മാസങ്ങളായി. എരഞ്ഞിക്കല്‍ ഫീഡറില്‍നിന്ന് ഫാക്ടറിയിലേക്ക് പുതിയ ലൈന്‍ കൊണ്ടുവരും. ഇതിനായി കോരപ്പുഴവരെ അണ്ടര്‍ഗ്രൗണ്ട് കേബിള്‍ വലിച്ചിട്ടുണ്ട്.

ഫാക്ടറിയില്‍ നടന്ന നിയമനങ്ങളെക്കുറിച്ചൊന്നും അറിയില്ലെന്നും പുതിയ നിയമനങ്ങള്‍ സര്‍ക്കാര്‍ മാനദണ്ഡമനുസരിച്ച് നടത്തുമെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യങ്ങളിലൊക്കെ തീരുമാനമുണ്ടാകേണ്ടതുകൊണ്ടാണ് ഉത്പാദനം തുടങ്ങാന്‍ മൂന്നു മാസംകൂടി സാവകാശം വേണ്ടിവന്നത്. തിരുവങ്ങൂരില്‍ ജൈവപച്ചക്കറി വിപണനകേന്ദ്രം പണിയാന്‍ സ്ഥലം അനുവദിക്കണമെന്ന് കെ. ദാസന്‍ എം.എല്‍.എ. മന്ത്രിയോട് ആവശ്യപ്പെട്ടു. ഇക്കാര്യം പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പുനല്‍കി. ഇ.കെ. വിജയന്‍ എം.എല്‍.എ., കേരള ഫീഡ്‌സ് എം.ഡി.യും മൃഗ സംരക്ഷണവകുപ്പ് സെക്രട്ടറിയുമായ അനില്‍ സേവ്യര്‍, മുന്‍ എം.ഡി. അനി എസ്. ദാസ്, സി.പി.ഐ. അസി. ജില്ലാസെക്രട്ടറി എം. നാരായണന്‍ എന്നിവരും ഉണ്ടായിരുന്നു.

