KOYILANDY DIARY

The Perfect News Portal

തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍

തിരുവനന്തപുരം: ആയിരം, അഞ്ഞൂറ് രൂപ നോട്ട് പിന്‍വലിച്ച് രാജ്യത്തെ അരാജകത്വത്തിലാഴ്ത്തിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരായ അഖിലേന്ത്യാപ്രതിഷേധദിനത്തിന്റെ ഭാഗമായി 28ന് തിങ്കളാഴ്ച സംസ്ഥാനത്ത് ഹര്‍ത്താല്‍ ആചരിക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ അറിയിച്ചു. കാലത്ത് ആറു മുതല്‍ വൈകീട്ട് ആറു വരെയാണ്  ഹര്‍ത്താല്‍. ബാങ്കുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കി. ആശുപത്രി, പാല്‍, പത്രം വിവാഹം തുടങ്ങിയവയെയും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഹര്‍ത്താലിന്റെ മുന്നോടിയായി 27 ന് വൈകുന്നേരം പ്രാദേശികാടിസ്ഥാനത്തില്‍ പന്തംകൊളുത്തി പ്രകടനം സംഘടിപ്പിക്കണം.

നോട്ട് പിന്‍വലിച്ചതിന്റെ മറവില്‍ സംസ്ഥാനത്തെ സഹകരണമേഖലയെ തകര്‍ക്കാനുള്ള നീക്കത്തിലും പ്രധാനമന്ത്രിയെ കാണാന്‍ സര്‍വകക്ഷിസംഘത്തിന് അനുമതി നിഷേധിച്ചതിലും പ്രതിധിേച്ചുകൂടിയാണ് ഹര്‍ത്താല്‍. 24 മുതല്‍ 30 വരെ ഇടതുപക്ഷപാര്‍ടികളുടെ നേതൃത്വത്തില്‍ ദേശീയപ്രക്ഷോഭം നടക്കുകയാണ്. മതിയായ ബദല്‍ സംവിധാനം ഉണ്ടാകുന്നതുവരെയോ ഡിസംബര്‍ 30 വരെയോ നിയമപരമായ എല്ലാ ഇടപാടുകള്‍ക്കും പഴയ 500 രൂപ, 1000 രൂപ നോട്ടുകള്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കണമെന്നതാണ് ദേശീയപ്രക്ഷോഭത്തിലെ മുഖ്യആവശ്യം.

നോട്ട് പിന്‍വലിച്ച കേന്ദ്രസര്‍ക്കാര്‍ ബദല്‍ സംവിധാനങ്ങളൊരുക്കാതെയും കടുത്ത നിയന്ത്രണങ്ങളിലൂടെയും ജനജീവിതം ദുരിതത്തലാക്കിയിരിക്കുകയാണ്. നോട്ട് പിന്‍വലിക്കലിന്റെ മറവില്‍ കേരളത്തിന്റെ സമ്പദ്ഘടനയിലും സാധാരണക്കാരുടെ ജീവിതത്തിലും നിര്‍ണായകസ്വാധീനമുള്ള സഹകരണമേഖലയെ പാടേ തകര്‍ക്കാനും ശ്രമിക്കുന്നു. അസാധുനോട്ടുകള്‍ മാറ്റിക്കൊടുക്കുന്നതിനും നിക്ഷേപം സ്വീകരിക്കുന്നതിനും സഹകരണസ്ഥാപനങ്ങള്‍ക്ക് അനുമതി നിഷേധിച്ചു. കേരളത്തിന്റെ ജീവനാഡിയായ സഹകരണമേഖലയെ കടന്നാക്രമിക്കുകയാണ് കേന്ദ്രം.  നോട്ട് മാറിനല്‍കുന്നതില്‍ നിന്ന് സഹകരണബാങ്കുകളെ മാറ്റിനിര്‍ത്തിയതിനുപിന്നാലെ കടുത്ത നിബന്ധനകള്‍ അടിച്ചേല്പിച്ച് എല്ലാ ഇടപാടുകളും തടഞ്ഞ് പൂര്‍ണമായി വരിഞ്ഞുമുറുക്കി. സഹകരണമേഖലയെ തകര്‍ക്കുന്നതില്‍നിന്ന് പിന്തിരിയണമെന്ന സംസ്ഥാന നിയമസഭയുടെ പ്രമേയം കൈമാറാനും പ്രതിസന്ധി ബോധ്യപ്പെടുത്താനും മുഖ്യമന്ത്രിയുടെയും പ്രതിപക്ഷനേതാവിന്റെയും നേതൃത്വത്തില്‍ ഡല്‍ഹിക്ക് പോകാനിരുന്ന സര്‍വകക്ഷിസംഘത്തിന് പ്രധാനമന്ത്രി നരേന്ദ്രമോഡി സന്ദര്‍ശാനുമതി നിഷേധിക്കുക കൂടി ചെയ്തിരിക്കുകയാണ്.

Advertisements

സംസ്ഥാനത്തിന്റെ പൊതുവികാരമനുസരിച്ചാണ് ഭരണപ്രതിപക്ഷവ്യത്യാസമില്ലാതെ  സര്‍വകക്ഷിസംഘം പ്രധാനമന്ത്രിയെ കാണാന്‍ തീരുമാനിച്ചത്. തന്നെ കാണേണ്ട, വേണമെങ്കില്‍ ധനമന്ത്രിയെ കാണാം എന്ന ധാര്‍ഷ്ട്യമാണ് പ്രധാനമന്ത്രി പ്രകടിപ്പിച്ചത്. എല്ലാ ജനാധിപത്യമര്യാദകളും ലംഘിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. നോട്ട് പിന്‍വലിച്ചതോടെ ജനജീവിതത്തിന്റെ സമസ്തമേഖലകളും നിശ്ചലമാണ്. ജനങ്ങളാകെ കടുത്ത ദുരിതം അനുഭവിക്കുന്നു. ചികിത്സാസൌകര്യം പോലും നിഷേധിക്കപ്പെട്ട് ജനങ്ങള്‍ പരക്കംപായുകയാണ്. വ്യാപാരമേഖല ചലനമറ്റു. ദൈനംദിനാവശ്യങ്ങള്‍ പോലും നിറവേറ്റാനാവാത്ത സാഹചര്യമാണ് സാധാരണജനവിഭാഗങ്ങള്‍ നേരിടുന്നത്. ദിവസങ്ങള്‍ കഴിഞ്ഞിട്ടും അതിഗുരുതരമായ സാഹചര്യത്തിന് നേരിയ പരിഹാരമെങ്കിലും കാണാന്‍ കേന്ദ്രസര്‍ക്കാറിന് കഴിഞ്ഞിട്ടില്ല.

ആശുപത്രി, പാല്‍, പത്രം വിവാഹം, ബാങ്ക് തുടങ്ങിയവയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.  ഹര്‍ത്താല്‍ വിജയിപ്പിക്കാന്‍ കക്ഷിരാഷ്ട്രീയത്തിനതീതമായി സംസ്ഥാനത്തെ മുഴുവന്‍ ജനവിഭാഗങ്ങളും സഹകരിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *