താലികെട്ടിനിടെ കാമുകനെ കണ്ട വിവരം വധു വരനോട് പറഞ്ഞതോടെ താലിമാല തിരിച്ചുവാങ്ങി

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രനടയില്‍ വിവാഹം നടന്നയുടനെ വരനും കൂട്ടരും താലിമാലയും തിരിച്ചുവാങ്ങി സ്ഥലം വിട്ടു. ഹര്‍ത്താല്‍ ദിനം നടന്ന വിവാഹമാണ് അലങ്കോലമായത്.
വിവാഹം താലിചാര്‍ത്തി നില്‍ക്കുമ്പോള്‍ കാമുകനെ കണ്ടകാര്യം വധു വരനോട് പറഞ്ഞതാണ് പ്രശ്‌നങ്ങള്‍ക്കിടയാക്കിയത്. വധു തന്റെ കാമുകനെ കണ്ടത് തമാശരൂപേണ രഹസ്യമായി വരന്റെ ചെവിയില്‍ മന്ത്രിക്കുകയായിരുന്നു.

ക്ഷേത്രനടയിലെ താലികെട്ട് കഴിഞ്ഞ് തൊട്ടടുത്തുള്ള കല്യാണമണ്ഡപത്തിലേക്ക് പോകുന്നതിനിടെ വരന്‍ ഇക്കാര്യം അമ്മയോടു പറഞ്ഞു. പിന്നെയത് ബന്ധുക്കളിലേക്ക് പകര്‍ന്നതോടെ കൂട്ടയടിയാവുകയായിരുന്നു.

ഞായറാഴ്ച രാവിലെ പത്തരയോടെ ഗുരുവായൂര്‍ ക്ഷേത്രനടയിലായിരുന്നു സംഭവങ്ങള്‍. തൃശ്ശൂര്‍ ജില്ലക്കാരാണ് വരനും വധുവും. വീട്ടുകാര്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹം.

ഫോട്ടോയും വീഡിയോയും എടുക്കുന്നത് നിര്‍ത്തിവെയ്ക്കാന്‍ പറഞ്ഞ് വരന്റെ ബന്ധുക്കള്‍ വധുവിന്റെ ആളുകളെ വളഞ്ഞു. പെണ്‍കുട്ടിയുടെ പ്രണയം മറച്ചുവെച്ച് തങ്ങളെ ചതിച്ചുവെന്നാണ് ഇവരുടെ ആരോപണം.
കല്യാണം വേണ്ടെന്നുപറഞ്ഞ് വരന്റെ ബന്ധുക്കള്‍ താലിമാലയും മറ്റ് സ്വര്‍ണാഭരണങ്ങളും ഊരിവാങ്ങി. വിവാഹസാരിയും ചെരുപ്പും അടുത്തിടെ വധുവിന് വാങ്ങിക്കൊടുത്ത വിലകൂടിയ മൊബൈല്‍ ഫോണും ഒമ്പതു പവന്‍ തൂക്കമുള്ള താലിമാലയും വരന്‍ ഊരിവാങ്ങി.
കല്യാണമണ്ഡപത്തിലെ സംഘര്‍ഷമറിഞ്ഞ് പോലീസെത്തി. വധൂവരന്മാരെയും അവരുടെ ബന്ധുക്കളെയും പ്രത്യേകം വിളിച്ച് ചര്‍ച്ച നടത്തി. പക്ഷേ, തങ്ങളെ ചതിച്ചവരുമായുള്ള വിവാഹബന്ധം വേണ്ടെന്ന നിലപാടില്‍ വരന്റെ ബന്ധുക്കള്‍ ഉറച്ചുനിന്നു.
മൂന്നുതരം പായസവുമായി സദ്യ തയ്യാറാക്കിയിരുന്നു. ആരും ആ വഴിക്ക് പോയതേയില്ല. ഹര്‍ത്താലായതിനാല്‍ പുറത്തുനിന്ന് ഭക്ഷണം കിട്ടിയതുമില്ല. കുട്ടികളും പ്രായമായവരുമടക്കം 200 ഓളം പേര്‍ വരന്റെ കൂടെ എത്തിയിരുന്നു. അവരെല്ലാം വെള്ളംപോലും കുടിക്കാനാകാതെ നാട്ടിലേക്ക് മടങ്ങി. വരന്റെ മുത്തശ്ശി കല്യാണമണ്ഡപത്തിലിരുന്ന് നിലവിളിച്ചു.
ഉച്ചയോടെ വരന്റെ ബന്ധുക്കള്‍ ഗുരുവായൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. നഷ്ടപരിഹാരമായി 15 ലക്ഷം രൂപ തരണമെന്ന് പരാതിയില്‍ പറയുന്നു.
