താമരശ്ശേരി ചുരത്തില്‍ ദുഃഖവെള്ളി ദിനത്തില്‍ ആയിരങ്ങള്‍ മലകയറി

താമരശ്ശേരി: ക്രിസ്തുവിന്റെ പീഡാനുഭവങ്ങളുടെ സ്മരണ വിശ്വാസദീപ്തമാക്കിയ മനസ്സുമായി താമരശ്ശേരി ചുരത്തില്‍ ദുഃഖവെള്ളി ദിനത്തില്‍ ആയിരങ്ങള്‍ മലകയറി.
കുരിശിലേറുന്നതിനു മുന്നോടിയായി യേശുക്രിസ്തു ഗാഗുല്‍ത്താമലയിലേക്ക് നടത്തിയ പീഡാനുഭവയാത്രയെ അനുസ്മരിച്ചായിരുന്നു കുരിശിന്റെ വഴി. പീഡാനുഭവങ്ങള്‍ അനുസ്മരിക്കുന്ന പ്രാര്‍ഥനാഗാനങ്ങള്‍ ആലപിച്ചായിരുന്നു വിശ്വാസികളുടെ മലകയറ്റം.

അടിവാരത്തെ ഗദ്‌സമന്‍ ഗ്രോട്ടോയില്‍നിന്നും ആരംഭിച്ച യാത്രയുടെ മുമ്ബില്‍ കുരിശുചുമക്കുന്ന യേശുവിന്റെ വേഷമായിരുന്നു. ഒപ്പം ചാട്ടവാറും കുന്തവുമായി പടയാളികളും. മറിയവും ഭക്തസ്ത്രീകളും വലിയ കൊന്തമാലയും കൈകളിലേന്തി ഇവര്‍ക്കുപുറകെ നീങ്ങി. തൊട്ടുപുറകില്‍ ചെറിയ മരക്കുരിശുമായി വിശ്വാസികള്‍ പ്രാര്‍ഥനാപൂര്‍വം മുന്നേറി.

ഡിവൈന്‍ ധ്യാനകേന്ദ്രത്തിലെ പി.ജെ. ആന്റണി പ്രാരംഭസന്ദേശവും ഫാ. എമ്മാനുവല്‍ പൊന്‍പാറ പീഡാനുഭസന്ദേശവും നല്‍കി. യേശുവിന്റെ പീഡാനുഭവയാത്രയുടെ വിവിധഘട്ടങ്ങളെ അനുസ്മരിച്ച് ചുരം റോഡിന്റെ പതിന്നാല് സ്ഥലങ്ങളില്‍ കുരിശുസ്ഥാപിച്ച് മുട്ടുകുത്തി പ്രാര്‍ഥനനടത്തിയാണ് വിശ്വാസികളുടെ സംഘങ്ങള്‍ മുന്നേറിയത്.

വിവിധ ജില്ലകളില്‍നിന്നുള്ള വിശ്വാസികളുടെ സംഘങ്ങള്‍ മലകയറാനെത്തി. പാലാ മറ്റത്തില്‍പാറയില്‍നിന്നുംവന്ന സംഘം 1200 കിലോഭാരമുള്ള കുരിശുമായാണ് എത്തിയത്. ഇതുചുമന്ന് സംഘം മലകയറി. മാനന്തവാടിയില്‍നിന്ന് കൊണ്ടുവന്ന 1052 കിലോ ഭാരമുള്ള കുരിശും ചെറുപുഴയില്‍നിന്നും കൊണ്ടുവന്ന 900 കിലോ ഭാരമുള്ള കുരിശും വിശ്വാസികള്‍ ചുമന്നുകയറ്റി.
പന്ത്രണ്ട് കിലോമീറ്റര്‍ ചുരം റോഡ് താണ്ടിയുള്ള യാത്ര ലക്കിടി മൗണ്ട് സീനായില്‍ സമാപിച്ചു. തലശ്ശേരി രൂപതാ സഹായമെത്രാന്‍ മാര്‍ ജോസഫ് പാംബ്ലാനി സമാപന സന്ദേശം നല്‍കി. നേര്‍ച്ചഭക്ഷണവിതരണവുമുണ്ടായി.
പുലര്‍ച്ചെ മുതല്‍ വിശ്വാസികളുടെ ചെറുസംഘങ്ങള്‍ അടിവാരത്തെത്തിച്ചേര്‍ന്ന് മലകയറ്റം ആരംഭിച്ചിരുന്നു. സ്ത്രീകളും കുട്ടികളും പ്രായമായവരുമുള്‍പ്പെടെ മലകയറാനെത്തി. വിശ്വാസികളുടെ പ്രവാഹം ഉച്ചവരെ തുടര്‍ന്നു. തുടര്‍ച്ചയായി ഇത് 27-ാം വര്‍ഷമാണ് ദുഃഖവെള്ളി ആചരണത്തില്‍ ചുരത്തില്‍ കുരിശിന്റെ വഴി നടക്കുന്നത്.
ഫാ. തോമസ് ടി. തുണ്ടത്തില്‍, ജോസഫ് അഗസ്റ്റിന്‍, ജോബി ഇലഞ്ഞിക്കല്‍, ജോസ് ചിലമ്ബില്‍, പി.എഫ്. രാജു, തോമസ് ജോസഫ്, തങ്കച്ചന്‍ താഴത്തുപറമ്ബില്‍, സന്തോഷ് മുണ്ടന്‍തടം, ദേവസ്യ മൈലള്ളാംപാറ, സിസ്റ്റര്‍ ജീന എന്നിവര്‍ നേതൃത്വം നല്‍കി.
