KOYILANDY DIARY.COM

The Perfect News Portal

തളിപ്പറമ്പില്‍ ഇനിമുതല്‍ ഡ്രൈവിംഗ് ടെസ്റ്റ് കഴിഞ്ഞ ദിവസം തന്നെ വിജയികള്‍ക്ക് ലൈസന്‍സ്

തളിപ്പറമ്പ്‌: തളിപ്പറമ്പില്‍ ഇനിമുതല്‍ ഡ്രൈവിംഗ് ടെസ്റ്റ് കഴിഞ്ഞ ദിവസം തന്നെ വിജയികള്‍ക്ക് ലൈസന്‍സ്. ജില്ലയില്‍ ഇത്തരത്തില്‍ ലൈസന്‍സ് നല്‍കുന്ന രണ്ടാമത്തെ ജോ.ആര്‍ടിഒ ഓഫീസാണ് തളിപ്പറമ്പിലേത് ഡ്രൈവിംഗ് ടെസ്റ്റില്‍ പങ്കെടുക്കുന്നവര്‍ക്ക് ലൈസന്‍സ് കിട്ടാന്‍ വൈകുന്നത് നിരവധിപേരെ ദോഷകരമായി ബാധിച്ചിരുന്നു.

ചില പ്രൊഫഷണല്‍ കോഴ്സുകളില്‍ പ്രവേശനം നേടുന്നതിന് ഡ്രൈവിംഗ് ലൈസന്‍സ് നിര്‍ബന്ധമാക്കിയതിനാല്‍ സമയത്ത് ലൈസന്‍സ് ലഭിക്കാത്തത് വിദ്യാര്‍ത്ഥികളുടെ പ്രവേശനത്തെ തന്നെ ബാധിച്ചിരുന്നു. ഇതേതുടര്‍ന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരമാണ് ടെസ്റ്റ് കഴിഞ്ഞ ഉടനെ ലൈസന്‍സ് എന്ന സംവിധാനം ഏര്‍പ്പെടുത്തിയത്.

2017 ല്‍ കണ്ണൂര്‍ റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസിലാണ് ഇത് ആദ്യമായി നടപ്പിലാക്കിയത്. തളിപ്പറമ്പില്‍ കാഞ്ഞിരങ്ങാട് പുതിയ ഓട്ടോമേറ്റഡ് ഡ്രൈവിംഗ് ടെസ്റ്റ് സ്റ്റേഷന്‍ ആരംഭിക്കുന്നതിന് മുന്നോടിയായിട്ടാണ് ഈ സംവിധാനം തുടങ്ങിയത് ഏപ്രില്‍ 13 ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ തറക്കല്ലിട്ട സ്റ്റേഷന്റെ നിര്‍മ്മാണം ദ്രുതഗതിയില്‍ പൂര്‍ത്തിയായി വരികയാണ്.

Advertisements

ഈ വര്‍ഷം തന്നെ ഇത് ഉദ്ഘാടനം ചെയ്യും. സ്റ്റേഷന്‍ പ്രവര്‍ത്തിച്ചുതുടങ്ങിയാല്‍ അവിടെവെച്ചായിരിക്കും ലൈസന്‍സ് നല്‍കുക. വാഹനങ്ങളുടെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഇനിമുതല്‍ മൂന്ന് ദിവസം കൊണ്ട് നല്‍കും. ആഗസ്ത് 29 വരെയുള്ളവയെല്ലാം ഇതിനകം നല്‍കിക്കഴിഞ്ഞു.

തിങ്കളാഴ്ച തളിപ്പറമ്പ്‌ ജോ.ആര്‍ടി ഓഫീസില്‍ നടന്ന ചടങ്ങില്‍ ലൈസന്‍സിന്റെ വിതരണ ഉദ്ഘാടനം ജോ.ആര്‍ടിഒ ഒ.പ്രമോദ്കുമാര്‍ നിര്‍വ്വഹിച്ചു. അടുത്തിലതെരുവിവെ ആദിത്യ സുരേഷിനാണ് ആദ്യ ലൈസന്‍സ് നല്‍കിയത്. 120 പേര്‍ പങ്കെടുത്ത ടെസ്റ്റില്‍ 88 പേരാണ് വിജയികളായത്.

അവര്‍ക്കെല്ലാം ഇന്നലെ തന്നെ ലൈസന്‍സ് നല്‍കി. ഇനി എല്ലാ ദിവസവും രാവിലെ ടെസ്റ്റ് കഴിഞ്ഞാല്‍ ഉച്ചക്ക് ശേഷം വിജയിക്കുന്ന എല്ലാവര്‍ക്കും ലൈസന്‍സ് നല്‍കും. എംവിഐ ജെ.എസ്.ശ്രീകുമാര്‍, എഎംവിഐമാരായ ടി.പി.വല്‍സരാജന്‍, രഞ്ജിത്ത്കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Share news

Leave a Reply

Your email address will not be published. Required fields are marked *