KOYILANDY DIARY.COM

The Perfect News Portal

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മൂന്ന് വയസുകാരന്‍റെ നില ഗുരുതരം

കൊച്ചി: തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മൂന്ന് വയസുകാരന്‍റെ നില ഗുരുതരമായി തുടരുന്നു. കുട്ടി ഇപ്പോള്‍ 48 മണിക്കൂര്‍ നിരീക്ഷണത്തിലാണ്. മരുന്നുകളോട് പ്രതികരിച്ചു തുടങ്ങിയെന്നും മെഡിക്കല്‍ ബുളളറ്റിന്‍ വ്യക്തമാക്കുന്നു. കുട്ടിയുടെ വലത് മസ്തിഷ്കത്തില്‍ സാരമായ പരിക്കേറ്റിട്ടുണ്ട്. സ്ട്രോക്കിന്‍റെ ലക്ഷണങ്ങളുണ്ടെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.

അതേസമയം കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചത് കുഞ്ഞിന്‍റെ അമ്മ തന്നെയെന്ന് പൊലീസ് വ്യക്തമാക്കി. ജാര്‍ഖണ്ഡ് ബംഗാള്‍ സ്വദേശികളായ മാതാപിതാക്കള്‍ക്കെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തു. അനുസരണക്കേട് കാട്ടിയതിന് കട്ടിയുള്ള വസ്തു ഉപയോഗിച്ച്‌ കുട്ടിയെ തല്ലിയതായി അമ്മ പൊലീസിനോട് സമ്മതിച്ചു. കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ മുതല്‍ മാതാപിതാക്കള്‍ പൊലീസ് നിരീക്ഷണത്തിലായിരുന്നു.

അടുക്കളയില്‍ കളിക്കുന്നതിനിടയിലാണ് കുട്ടിക്ക് പരിക്കേറ്റതെന്ന് ആദ്യം പറഞ്ഞ അമ്മ വിശദമായ ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ചു. വധശ്രമത്തിന് പുറമെ ഇരുവര്‍ക്കുമെതിരെ ബാലാവകാശ നിയമപ്രകാരമുള്ള വകുപ്പുകളും ചുമത്തിയിട്ടുണ്ട്. ഇരുവരുടെയും പശ്ചാത്തലമറിയാന്‍ കേരള പൊലീസ് ജാര്‍ഖണ്ഡ് പൊലീസുമായി ബന്ധപ്പെട്ട് വരികയാണ്. തലയോട്ടി പൊട്ടി രക്തസ്രാവമുണ്ടായിനെ തുടര്‍ന്ന് ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ വൈകീട്ടാണ് കുട്ടിയുടെ ശസ്ത്രക്രിയ തുടങ്ങിയത്.

Advertisements

ഇന്ന് പുലര്‍ച്ചെ ശസ്ത്രക്രിയ പൂര്‍ത്തിയായി. വെന്‍റിലേറ്റര്‍ സഹായത്തോടെയാണ് കുട്ടിയുടെ ജീവന്‍ നിലനിര്‍ത്തുന്നത്. തലച്ചോറിലെ രക്തസ്രാവം നിയന്ത്രിക്കാനാകാത്തതിലാണ് ആശങ്ക. ക്രൂരമര്‍ദ്ദനത്തിനിടെ അമ്മ കുഞ്ഞിന്‍റെ ശരീരത്തില്‍ പൊള്ളല്‍ ഏല്‍പിക്കുകയും ചെയ്തിരുന്നു. 20 ദിവസം മുന്‍പാണ് അമ്മയോടൊപ്പം കുട്ടി ആലുവയിലെത്തിയത്. സ്വകാര്യ സ്ഥാപനത്തില്‍ ഡ്രൈവറാണ് കുട്ടിയുടെ അച്ഛന്‍. കുട്ടിയുടെ ചികിത്സ ചെലവ് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തതായി ആരോഗ്യമന്ത്രി അറിയിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *