തരിഗാമിയെ എയിംസിലേക്ക് മാറ്റാന്‍ സുപ്രീംകോടതി ഉത്തരവ്

ഡല്‍ഹി: കശ്മീരില്‍ വീട്ടു തടങ്കലില്‍ കഴിയുന്ന സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും എംഎല്‍എയുമായ മുഹമ്മദ് യൂസഫ് തരിഗാമിയെ ഡല്‍ഹി എയിംസ് ആശുപത്രിയിലേക്ക് മാറ്റാന്‍ സുപ്രീം കോടതി ഉത്തരവിട്ടു. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ഹര്‍ജിയിലാണ് കോടതിയുടെ നടപടി.
സുപ്രീം കോടതിയുടെ അനുമതിയോടെ കഴിഞ്ഞ ദിവസം യെച്ചൂരി തരിഗാമിയെ കശ്മീരിലെത്തി കണ്ടിരുന്നു. സന്ദര്‍ശനത്തിന് ശേഷം യെച്ചൂരി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. 72-കാരനായ തരിഗാമിയുടെ ആരോഗ്യസ്ഥിതിയില്‍ ആശങ്കയുണ്ടെന്ന് യെച്ചൂരി റിപ്പോര്‍ട്ടിലൂടെ കോടതിയെ അറിയിച്ചു. ഇത് പരിഗണിച്ചാണ് കോടതി തരിഗാമിയെ എയിംസിലേക്ക് മാറ്റാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ഗൊഗോയ്, ജസ്റ്റിസുമാരായ എസ്.എ.ബോബ്ദെ, അബ്ദുള്‍ നസീര്‍ എന്നിരുള്‍പ്പെട്ട ബെഞ്ചിന്റേതാണ് ഉത്തരവ്.

യെച്ചൂരി റിപ്പോര്‍ട്ടിലൂടെ ഉന്നയിച്ച ആരോപണങ്ങളില്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോട് വിശദീകരണം തേടിയിട്ടുണ്ട്. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദം എടുത്ത് കളഞ്ഞതിന് പിന്നാലെയാണ് തരിഗാമിയടക്കമുള്ള കശ്മീരിലെ രാഷ്ട്രീയ നേതാക്കളെ തടങ്കലിലാക്കിയത്.ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലൂടെയാണ് യെച്ചൂരിക്ക് കശ്മീരിലെത്തി തരിഗാമിയെ കാണാന്‍ കോടതി അനുമതി നല്‍കിയിരുന്നത്.

ഇതിനിടെ കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയെ കാണാന്‍ മകള്‍ സില്‍തിജക്കും കോടതി അനുമതി നല്‍കി. അമ്മയെ കാണാന്‍ തന്നെ കശ്മീരിലേക്ക് പോകാന്‍ അനുവദിക്കുന്നില്ലെന്നായിരുന്നു അവരുടെ പരാതി. സില്‍തിജക്ക് അമ്മയെ കാണാമെന്നും അധികൃതരുടെ നിര്‍ദേശങ്ങള്‍ അനുസരിക്കണമെന്നും കോടതി അറിയിച്ചു.

