KOYILANDY DIARY.COM

The Perfect News Portal

തമിഴ്‌നാട്ടില്‍ അമ്മ ഇരുചക്ര വാഹനം പകുതിവിലയ്ക്ക്‌

ചെന്നൈ: ഒരു ലക്ഷം സ്ത്രീകള്‍ക്ക് ജയലളിതയുടെ പേരില്‍ പകുതി വിലയ്ക്ക് അമ്മ ഇരുചക്ര വാഹനം നല്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി. മദ്യനിരോധനത്തിന്റെ ഭാഗമായി 500 മദ്യവില്‍പനശാലകള്‍ പൂട്ടാനും തീരുമാനമായി. മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അഞ്ച് ജനപ്രിയ പദ്ധതികളാണ് പഴനിസാമി പ്രഖ്യാപിച്ചത്.

ജോലിയുള്ള സ്ത്രീകള്‍ക്കാണ് ഇരുചക്ര വാഹനം നല്‍കുന്നതില്‍ മുന്‍ഗണന. 20,000 രൂപ വരെയാണ് ഒരാള്‍ക്ക് ഈ പദ്ധതി പ്രകാരം സബ്സിഡി നല്‍കുക. ഇതിലൂടെ പ്രതിവര്‍ഷം 200 കോടി രൂപയാണ് സംസ്ഥാനത്തിന്റെ ബാധ്യത. തൊഴിലില്ലായ്മ വേതനം ഇരട്ടിയാക്കി. 5000 മത്സ്യബന്ധന തൊഴിലാളികള്‍ക്ക് 8500 കോടി രൂപ ചെലവില്‍ വീട് എന്നിവയാണ് പുതിയ പദ്ധതികള്‍.

 കൂടാതെ ജയലളിത തുടങ്ങിവെച്ച സമ്ബൂര്‍ണ്ണ മദ്യനിരോധനത്തിന്റെ ഭാഗമായി 500 മദ്യവില്‍പനശാലകള്‍ കൂടി പൂട്ടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിര്‍ധന സ്ത്രീകള്‍ക്ക് പ്രസവശുശ്രൂഷയ്ക്കായി നല്‍കി വരുന്ന ധനസഹായം 12,000 രൂപയില്‍നിന്ന് 18,000 രൂപയാക്കി ഉയര്‍ത്തി. സംസ്ഥാനത്തെ ആറു ലക്ഷം സ്ത്രീകള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും.

ആദ്യ മന്ത്രിസഭായോഗത്തിനു ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍, ജയലളിതയുടെ സത്ഭരണം തുടരുമെന്നും അവരുടെ പേരില്‍ പുതിയ ചില പദ്ധതികള്‍ കൂടി നടപ്പാക്കുകയാണ് ഈ സര്‍ക്കാറിന്റെ ആദ്യ കടമയെന്നും അദ്ദേഹം പറഞ്ഞു.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *