തമിഴ്നാട് മുഖ്യമന്ത്രിയായി ജയലളിത സത്യപ്രതിജ്ഞ ചെയ്തു
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി ജയലളിത സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. തുടര്‍ന്ന് മന്ത്രിമാര്‍ 14 പേര്‍ വീതമുള്ള രണ്ടു സംഘങ്ങളായി കൂട്ടസത്യപ്രതിജ്ഞ ചെയ്തു. കേന്ദ്രമന്ത്രിമാര്‍ക്കൊപ്പം സിനിമാ, സാംസ്കാരിക പ്രമുഖര്‍ ചടങ്ങിനു സാക്ഷ്യം വഹിക്കാനെത്തി. ഡിഎംകെ നേതാവ് എം.കെ.സ്റ്റാലിനും ചടങ്ങില്‍ പങ്കെടുക്കാനെത്തി. സത്യപ്രതിജ്ഞയോട് അനുബന്ധിച്ച് കനത്ത സുരക്ഷയാണ് നഗരത്തില്‍ ഒരുക്കിയിരുന്നത്.
കാമരാജിനും എംജിആറിനും ശേഷം ഭരണത്തുടര്‍ച്ചയെന്ന ചരിത്ര നേട്ടവുമായാണ് ജയലളിത അധികാരമേറ്റത്. മദ്രാസ് സര്‍വകലാശായിലെ ശതാബ്ദി ഓഡിറ്റോറിയത്തിലായിരുന്നു സത്യപ്രതിജ്ഞ ചടങ്ങുകള്‍. ആയിരക്കണക്കിന് അണ്ണാ ഡിഎംകെ പ്രവര്‍ത്തകര്‍ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ചടങ്ങില്‍ പങ്കെടുക്കാനായി ഒഴുകിയെത്തി. പതിനായിരത്തിലേറെ പൊലീസുകാരാണ് സുരക്ഷാ ചുമതലയുമായി രംഗത്തുണ്ടായിരുന്നത്.

