തന്റെ പേരിലുളള പത്തൊമ്പതര സെന്റ് സ്ഥലം അശരണര്‍ക്ക് ദാനം നല്കി കര്ഷകന്

കല്‍പ്പറ്റ: ദുരിതപെയ്ത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്കായി നാട് കൈകോര്‍ക്കുമ്പോള്‍ സ്വന്തം സ്ഥലം തന്നെ ദാനമായി നല്കി നന്മ കാണിക്കുകയാണ് ഈ മണ്ണിന്റെ മകന്. അമ്പലവയലിലെ മണ്ണാപറമ്പില്‍ എം.പി.വില്‍സണാണ് തന്റെ പേരില്‍ കണിയാമ്ബറ്റ വില്ലേജിലുള്ള പത്തൊമ്ബതര സെന്റ് സ്ഥലം അശരണര്‍ക്ക് തലചായ്ക്കാന്‍ സര്‍ക്കാരിലേക്ക് കൈമാറിയത്.
കണിയാമ്ബറ്റ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളിന് സമീപം റോഡ് സൗകര്യമുള്ള കണ്ണായ സ്ഥലമാണ് പ്രളയ ദുരിതത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്കായി നല്കാന് വില്‍സണ്‍ ജില്ലാ ഭരണകൂടത്തെ ഏല്‍പ്പിച്ചത്. ഇതില്‍ നാലര സെന്റ് സ്ഥലം കണിയാമ്ബറ്റയില് വാടക വീട്ടില്‍ താമസിക്കുന്ന വൃക്കരോഗിയുടെ കുടുംബത്തിന് നല്‍കും. ബാക്കിയുള്ളത് അര്‍ഹതയുള്ളവരെ കണ്ടെത്തി വിതരണം ചെയ്യാനാണ് ഈ കര്ഷകന് ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടത്. സുഹൃത്തുക്കളോടൊപ്പം കളക്ട്രേറ്റിലെത്തിയ വില്‍സണ്‍ ഭൂമിയുടെ ആധാരം ജില്ലാ കളക്ടര്‍ കേശവേന്ദ്രകുമാറിന് കൈമാറി.

അമ്പലവയലിലാണ് വര്‍ഷങ്ങളായി വില്‍സണ്‍ താമസിക്കുന്നത്. ഗ്ലാന്സിയാണ് ഭാര്യ. മൈസൂരില്‍ ബിരുദ വിദ്യാര്‍ത്ഥികളായ സ്വരാജ് പോള്‍, റിച്ചാര്‍ഡ് വില്‍സണ്‍, അമ്പലവയല്‍ ഗവ.ഹൈസ്കൂളിലെ അഞ്ചാം തരം വിദ്യാര്‍ഥി ആല്‍ഫ്രഡ് വില്‍സണ്‍ എന്നിവരാണ് മക്കള്‍.

