തന്ത്രി നട അടച്ചത് സുപ്രീംകോടതി വിധിയുടെ ലംഘനമാണെന്ന് കോടിയേരി ബാലകൃഷ്‌ണന്‍

കൊച്ചി: സ്‌ത്രീകള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയതിന്റെ പേരില്‍ തന്ത്രി നട അടച്ചത് സുപ്രീംകോടതി വിധിയുടെ ലംഘനമാണെന്ന് സിപിഐ എം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പറഞ്ഞു. ഭരണഘടനാ ലംഘനത്തിനും കോടതിയലക്ഷ്യത്തിനും തന്ത്രിക്കെതിരെ നടപടിയെടുക്കുയാണ് വേണ്ടത്.
ശബരിമലയില്‍ എല്ലാ പ്രായപരിധിയിലുമുള്ള സ്‌ത്രീകള്‍ക്ക് ദര്‍ശനത്തിന് അവകാശമുണ്ടെന്ന സുപ്രീംകോടതി വിധിയെയാണ് തന്ത്രി നട അടച്ച് വെല്ലുവിളിച്ചിട്ടുള്ളത്. വിധി നടപ്പാക്കാന്‍ നടപടിയെടുക്കേണ്ടവരാണ് സര്‍ക്കാരും തന്ത്രിയും ദേവസ്വം ബോര്‍ഡും. മാത്രമല്ല കേസില്‍ തന്ത്രിയും ദേവസ്വം ബോര്‍ഡും കക്ഷികളുമായിരുന്നു.

പ്രതിഷേധക്കാര്‍ക്കെതിരെ ബലം പ്രയോഗിച്ച് സ്‌ത്രീകളെ കയറ്റുവാന്‍ ശ്രമിക്കില്ലെന്ന് സര്‍ക്കാര്‍ നേരത്തെ വ്യക്‌തമാക്കിയിരുന്നതാണ്. എന്നാല്‍ ദര്‍ശനം നടത്താന്‍ തയ്യാറായി വരുന്ന എല്ലാ സ്‌ത്രീകള്‍ക്കും സംരക്ഷണം നല്‍കുമെന്നും പൊലീസ് വ്യക്‌തമാക്കിയിരുന്നു. ഇതിന് മുമ്ബ് പ്രതിഷേധത്തെ തുടര്‍ന്ന് മലകയറാനെത്തിയ സ്‌ത്രീകള്‍ക്ക് തിരിച്ചിറങ്ങേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ ഇന്ന് സ്ത്രീകള്‍ പൊലീസ് സംരക്ഷണത്തില്‍ തന്നെ സന്നിധാനത്തെത്തി ദര്‍ശനം നടത്തി. അതിന്റെ പേരില്‍ നട അടച്ചിരുന്നത് ശരിയല്ല. ആര് നട അടച്ചാലും അതിന്റെ ഉത്തരവാദിത്വം തന്ത്രിക്കാണെന്നും കോടിയേരി പറഞ്ഞു.

