ഡിഫ്തീരിയ രോഗം; മലപ്പുറം ജില്ലയില്‍ രണ്ടു ലക്ഷം പേര്‍ക്ക് കൂടി പ്രതിരോധ കുത്തിവെപ്പ്

തിരുവനന്തപുരം: മലപ്പുറത്ത് ഡിഫ്തീരിയ രോഗം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജില്ലയിലെ രണ്ടു ലക്ഷം പേര്‍ക്ക് കൂടി പ്രതിരോധ കുത്തിവെപ്പ് നല്‍കുമെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ നിയമസഭയെ അറിയിച്ചു. നാലര ലക്ഷം ഡോസ് വാക്സിനുകള്‍ എത്തിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതില്‍ രണ്ടര ലക്ഷം ലഭിച്ചു കഴിഞ്ഞു. കേരളത്തില്‍ എവിടെ ഡിഫ്തീരിയ റിപ്പോര്‍ട്ട് ചെയ്താലും ചികിത്സക്കുള്ള മരുന്നുകള്‍ ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു. അഡ്വ. എം. ഉമ്മറിന്‍റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.
പ്രതിരോധ കുത്തിവെപ്പ് എടുക്കുന്നതില്‍ മലബാറിലെ ജില്ലകളില്‍ അന്ധവിശ്വാസ ജഡിലമായ ചില പ്രചാരണങ്ങളുണ്ട്. എന്നാല്‍, വിവിധ മത സംഘടനകള്‍ പ്രതിരോധ കുത്തിവെപ്പിന് വലിയ പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും മന്ത്രി ശൈലജ അറിയിച്ചു.

