ഡിജിറ്റല്‍ മികവോടെ പ്രൈമറി സ്കൂള്‍ പഠനം ഹൈടെക്കാക്കാന്‍ ലാബുകള്‍ വരുന്നു

മലപ്പുറം: പൂക്കളോ പൂങ്കാവനങ്ങളോ ശലഭങ്ങളോ ഏതുമാകട്ടെ, കുട്ടികളെ അവയുടെ ദൃശ്യങ്ങള്‍ കാണിച്ച് പഠനം ആയാസരഹിതമാക്കാം. ഡിജിറ്റല്‍ മികവോടെ പ്രൈമറി സ്കൂള്‍ പഠനം ഹൈടെക്കാക്കാന്‍ ലാബുകള്‍ വരുന്നു. പൊതുവിദ്യാലയങ്ങളിലെ ലാബിലേക്കാവശ്യമായ ലാപ് ടോപ്പും പ്രോജക്ടറും ടിവിയും പ്രിന്ററുമൊക്കെ ജൂണില്‍ സ്കൂളുകളിലെത്തും. കുട്ടികളുടെ എണ്ണത്തിനനുസരിച്ചാകും ഉപകരണങ്ങളുടെ വിതരണം.
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ഒന്നുമുതല്‍ ഏഴുവരെ ക്ലാസുകളുള്ള സ്കൂളുകളില്‍ അടുത്ത അധ്യയന വര്‍ഷത്തോടെ ഹൈ ടെക് ലാബുകള്‍ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്. എട്ടുമുതല്‍ 12 വരെയുള്ള 45,000 ക്ലാസ് മുറികളില്‍ ഹൈ ടെക് സംവിധാനമൊരുക്കിയതിന്റെ തുടര്‍ച്ചയായാണ് പ്രൈമറി സ്കൂളുകളിലും ലാബുകള്‍ ഒരുക്കുന്നത്. ഇതിനായി ലക്ഷത്തോളംവരുന്ന പ്രൈമറി, അപ്പര്‍ പ്രൈമറി അധ്യാപകര്‍ക്ക് പ്രത്യേക ഐസിടി പരിശീലനം ആരംഭിച്ചു. രാജ്യത്തെ ഏറ്റവും ബൃഹത്തായ അധ്യാപക ഐടി പരിശീലന പദ്ധതിയാണിത്.

ഒന്നുമുതല്‍ പന്ത്രണ്ടുവരെ ക്ലാസുകളില്‍ പഠിപ്പിക്കുന്ന മുഴുവന്‍ അധ്യാപകര്‍ക്കും കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എഡ്യുക്കേഷന്‍ (കൈറ്റ്) നേതൃത്വത്തില്‍ നാലുദിവസമാണ് ഐസിടി പരിശീലനം. ആദ്യ ബാച്ചില്‍ പ്രൈമറി,- അപ്പര്‍ പ്രൈമറി വിഭാഗങ്ങളിലെ 23,495 അധ്യാപകര്‍ക്ക് സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലുള്ള 800 കേന്ദ്രങ്ങളില്‍ പരിശീലനമാരംഭിച്ചു. മലപ്പുറത്ത് 22 സ്കൂളുകളില്‍ 102 ക്ലാസ് മുറികളിലായി 3100 അധ്യാപകര്‍ക്കാണ് പരിശീലനം. ഇവരുടെ ആദ്യഘട്ട പരിശീലനം ചൊവ്വാഴ്ച പൂര്‍ത്തിയാകും.

ഫലപ്രദമായ ക്ലാസ് റൂം വിനിമയത്തിന് ഐസിടി സാധ്യത പ്രയോജനപ്പെടുത്താന്‍ അധ്യാപകരെ പര്യാപ്തമാക്കുന്നവിധത്തിലാണ് പരിശീലന മൊഡ്യൂള്‍ തയ്യാറാക്കിയത്. ഇതിന് സഹായകമാകുംവിധം മള്‍ട്ടി മീഡിയ പ്രസന്റേഷന് തയ്യാറാക്കല്‍, ഡിജിറ്റല്‍ വിഭവങ്ങള്‍ ഇന്റര്‍നെറ്റും അനുബന്ധ സൗകര്യങ്ങളും ഉപയോഗിച്ച് ശേഖരിക്കല്‍, ശേഖരിച്ച വിഭവങ്ങള്‍ (ടെക്സ്റ്റ്, ചിത്രം, വീഡിയോ, ശബ്ദം) ഉപയോഗിച്ച് പഠനവിഭവങ്ങള്‍ നിര്‍മിക്കല്‍, ചിത്രവായനപോലുള്ള ബോധന തന്ത്രങ്ങള്ക്കുതകുന്നതരത്തില് ചിത്രം നിര്‍മിക്കല്‍, ഭാഷാ കംപ്യൂട്ടിങ് തുടങ്ങിയ മേഖലകളിലാണ് അധ്യാപകര്‍ക്ക് പരിശീലനം നല്‍കുന്നത്.

‘സമഗ്ര’ പോര്‍ട്ടലിന്റെ ഉപയോഗവും സമഗ്രയിലേക്ക് പുതുതായി ഡിജിറ്റല്‍ ഉള്ളടക്കം തയ്യാറാക്കലും പാഠാസൂത്രണം പ്രയോജനപ്പെടുത്തലും പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രസകരമായി ഇംഗ്ലീഷ് ഭാഷാപഠനത്തിന് പ്രയോജനപ്പെടുത്താവുന്ന ആപ്ലിക്കേഷനുകള്‍ പ്രൈമറി പരിശീലനത്തിന്റെ പ്രത്യേകതയാണ്. ഓരോ അധ്യാപകനും ഓരോ ലാപ് ടോപ്പ് എന്നനിലയില്‍ സ്കൂളുകളില്‍ നിലവിലുള്ള 23,495 ലാപ് ടോപ്പുകള്‍ ഒരേസമയം പ്രയോജനപ്പെടുത്തി, 1600 പരിശീലകരെ ഉപയോഗിച്ചാണ് പരിശീലനം. രണ്ട്, ഏഴ്, 13 തീയതികളില്‍ അടുത്ത ബാച്ച് നടക്കും. ഹയര്‍ സെക്കന്‍ഡറി, – വിഎച്ച്എസ്ഇ അധ്യാപകര്‍ക്കുള്ള പരിശീലനം 13 മുതലും ഹൈസ്കൂള്‍ അധ്യാപകര്‍ക്കുള്ള പരിശീലനം 17 മുതലും ആരംഭിക്കും.
