KOYILANDY DIARY

The Perfect News Portal

ട്രെയിനില്‍ നിന്ന് കായലില്‍ വീണ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിനിയെ രക്ഷിച്ചു

കൊല്ലം : ട്രെയിനില്‍ നിന്നും കായലിലേക്ക് വീണ പെണ്‍കുട്ടിയെ രക്ഷിച്ചു. ഇന്ന് രാവിലെ എട്ട് മണിയോടെ പരവൂര്‍ കായലിന് കുറുകെ മാമൂട്ടില്‍ പാലത്തിലായിരുന്നു അപകടം. പുനലൂരില്‍ നിന്നു കന്യാകുമാരിയിലേക്ക് പോയ പാസഞ്ചര്‍ ട്രെയിനിലെ യാത്രക്കാരി പാപ്പനംകോട് സ്വദേശിയായ ഇരുപത്തിയൊന്നുകാരിയാണ് അപകടത്തില്‍പ്പെട്ടത്.

ടി. കെ. എം എന്‍ജിനീയറിംഗ് കോളേജിലെ നാലാം വര്‍ഷ കെമിക്കല്‍ വിഭാഗം വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി ശാരീരിക അസ്വാസ്ഥ്യം അനുഭപ്പെട്ടതിനെ തുടര്‍ന്ന് വീട്ടിലേക്ക് പോകാന്‍ കിളികൊല്ലൂര്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്നും പുനലൂര്‍ കന്യാകുമാരി പാസഞ്ചര്‍ ട്രെയിനില്‍ കയറിയതാണ്. ട്രെയിനില്‍ തിരക്കായതിനാല്‍ വാതിലിനോട് ചേര്‍ന്നുള്ള യാത്രക്കിടയില്‍ പരവൂര്‍ കായലിന് കുറുകെ മാമൂട്ടില്‍ പാലത്തില്‍ ട്രെയിന്‍ കയറിയപ്പോഴാണ് അപകടം സംഭവിച്ചത്.

ഈ സമയം പാലത്തിന് സമീപം രണ്ടു വള്ളത്തിലായി മത്സ്യ ബന്ധനത്തിലേര്‍പ്പെട്ടിരുന്നവരും തീരത്തുണ്ടായിരുന്ന പരവൂര്‍ പൊലീസിന്റെ ജനമൈത്രി കടലോര ജാഗ്രത സമിതി പ്രവര്‍ത്തകരും ചേര്‍ന്ന് രക്ഷ പ്രവര്‍ത്തനം നടത്തിയാണ് പെണ്‍കുട്ടിയെ കരയ്ക്കെത്തിച്ചത്.പെണ്‍കുട്ടി വീണ ഭാഗം കരയില്‍ നിന്നും അത്ര ദൂരത്തല്ലാതിരുന്നത് രക്ഷാപ്രവര്‍ത്തനം എളുപ്പമാക്കി.

Advertisements

റെയില്‍ അലര്‍ട്ടില്‍ നിന്നും പരവൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസും രംഗത്തെത്തി. പൊലീസ് വാഹനത്തില്‍ പെണ്‍കുട്ടിയെ നെടുങ്ങോലം സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ച്‌ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം രക്ഷിതാക്കള്‍ക്കൊപ്പം അയച്ചു.

വാതിലിനോട് ചേര്‍ന്ന് നില്‍ക്കുകയായിരുന്ന പെണ്‍കുട്ടി വണ്ടിയുടെ കുലുക്കത്തിനും ശക്തമായ കാറ്റിനുമിടയില്‍ വാതില്‍ ദേഹത്ത് തട്ടിയതാണ് അപകടത്തിന് കാരണമായതെന്ന് പരവൂര്‍ സി ഐ എസ് .ഷെരീഫ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *