ട്രാന്‍സ് ജെന്‍ഡേഴ്സിനായി ഒ.പി ക്ളിനിക്ക് ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും

കോഴിക്കോട് : ഗവ: ബീച്ച് ആശുപത്രിയില്‍ ട്രാന്‍സ് ജെന്‍ഡേഴ്സിനായി ഒ.പി ക്ളിനിക്ക് ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് തലശ്ശേരി ചീഫ് ജുഡീഷ്യല്‍ ആര്‍.എല്‍.ബൈജു പറഞ്ഞു. ഇതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി. അടുത്ത തവണ ആരോഗ്യ മന്ത്രി കോഴിക്കോട് എത്തുന്ന സമയത്ത് ഉദ്ഘാടനം നടക്കുമെന്നും അദ്ദേഹം പറഞ്ഞു.
പുനര്‍ജ്ജനി കള്‍ച്ചറല്‍ സൊസൈറ്റിയും സ്നേഹതീരം ട്രാന്‍സ് ജെന്‍ഡേഴ്സ് കുടുംബശ്രീയും സംയുക്തമായി ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുനര്‍ജ്ജനി കള്‍ച്ചറല്‍ സൊസൈറ്റിയിലെ സിസിലി ജോര്‍ജ്ജ് അദ്ധ്യക്ഷത വഹിച്ചു. മിഠായിത്തെരുവ് നവീകരണം പൂര്‍ത്തിയാകുമ്ബോള്‍ പുതിയ ടോയ്ലറ്റ് സൗകര്യങ്ങളില്‍ ട്രാന്‍സ് ജെന്‍ഡേഴ്സിന് ടോയ്ലറ്റ് സംവിധാനം ഒരുക്കുമെന്ന് കലക്ടര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.

ട്രാന്‍സ്ജെന്‍ഡേഴ്സ് വിഭാഗത്തിലെ പ്രതിഭകളെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പാറശ്ശേരി അനുമോദിച്ചു. പുനര്‍ജ്ജനി ഐ.ഡി കാര്‍ഡ് വിതരണം ജനമൈത്രി പൊലീസ് കസബ എസ്.ഐ പ്രമോദ് നിര്‍വഹിച്ചു. സബ് ജഡ്ജ് എം.സി ജയരാജ്, ശീതള്‍ ശ്യം, വിജയരാജ മല്ലിക, ജന്മഭൂമി ചീഫ് എഡിറ്റര്‍ ബാലന്‍, ദ്വയ പ്രസിഡന്റ് രഞ്ജു രഞ്ജിമ, രാഗരഞ്ജിനി തുടങ്ങിയവര്‍ പങ്കെടുത്തു. സാംസ്കാരിക സമ്മേളനത്തോടനുബന്ധിച്ച് കോര്‍ണേഷന്‍ തിയേറ്റര്‍ പരിസരത്ത് നിന്നാരംഭിച്ച് ടൗണ്‍ഹാള്‍ വരെ ഘോഷയാത്ര നടത്തി.

