KOYILANDY DIARY.COM

The Perfect News Portal

ടീമിനെ ഉടച്ചുവാര്‍ക്കാന്‍ റയല്‍; റൊണാള്‍ഡോ ഉള്‍പ്പെടെ 10 പ്രമുഖ താരങ്ങള്‍ വില്‍പനയ്ക്ക്

മ‍ഡ്രിഡ്: അപ്രതീക്ഷിത തോല്‍വികളെത്തുടര്‍ന്ന് സീസണ്‍ അവസാനിക്കുന്നതിന് മുന്‍പേ സ്പാനിഷ് ലീഗില്‍ പിന്തള്ളപ്പെട്ടുപോയ റയല്‍ മഡ്രിഡ് ക്ലബ് ടീമിനെ ഉടച്ചു വാര്‍ക്കുന്നു. ഇതിന്റെ ഭാഗമായി സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഉള്‍പ്പെടെ പത്തോളം പ്രമുഖ താരങ്ങളെ റയല്‍ വില്‍ക്കുമെന്നാണ് സൂചന. കഴിഞ്ഞ ദിവസം സ്പാനിഷ് ലീഗില്‍ നടന്ന നഗരപ്പോരാട്ടത്തില്‍ അത്‍ലറ്റിക്കോ മഡ്രിഡിനോട് റയല്‍ തോറ്റിരുന്നു. ഇതിന് പിന്നാലെയാണ് ടീം ഉടച്ചുവാര്‍ത്ത് പുതിയ താരങ്ങളെ കൊണ്ടുവരാന്‍ മാനേജ്മെന്റ് തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ട്.

റൊണാള്‍ഡോയ്ക്ക് പുറമെ, ടീം നായകനും സ്പാനിഷ് താരവുമായ സെര്‍ജിയോ റാമോസ്, കൊളംബിയന്‍ താരം ഹാമിഷ് റോഡ്രിഗസ്, സ്പാനിഷ് താരം ഇസ്കോ, ജര്‍മന്‍ താരം ടോണി ക്രൂസ്, പോര്‍ച്ചുഗല്‍ താരം പെപ്പെ, അല്‍വാരോ അര്‍ബലോവ, ജെസ്സെ, ഡാനിലോ, കസേമിലോ തുടങ്ങിയവരും ഈ സീസണ്‍ അവസാനിക്കുന്നതോടെ ടീം വിടുമെന്നാണ് റിപ്പോര്‍ട്ട്.

റൊണാള്‍ഡോ ടീം വിടുമെന്ന് ഉറപ്പായതോടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഉള്‍പ്പെടെയുള്ള ക്ലബ്ബുകള്‍ റൊണാള്‍ഡോയ്ക്കായി രംഗത്തെത്തി. റൊണാള്‍ഡോയുടെ മുന്‍ ക്ലബ്ബ് കൂടിയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. റാമോസിനെയും മാഞ്ചസ്റ്റര്‍ നോട്ടമിട്ടു കഴിഞ്ഞു. അതേസമയം, സ്പാനിഷ് യുവതാരം ഇസ്കോയ്ക്കായി ചെല്‍സി, ആര്‍സനല്‍, മാഞ്ചസ്റ്റര്‍ സിറ്റി തുടങ്ങിയ ഇംഗ്ലീഷ് ക്ലബുകള്‍ രംഗത്തുണ്ട്. ടോണി ക്രൂസ് ബുന്ദസ്ലിഗയിലേക്ക് തന്നെ മടങ്ങിയേക്കും.

Advertisements
Share news