ടിപ്പര്‍ ലോറിയിടിച്ച് മൂന്ന് വയസുകാരന്‍ മരിച്ചു

തൃശൂര്‍: വെള്ളറക്കാട് തിപ്പലശ്ശേരി റോഡില്‍ മണ്ണുകയറ്റി അമിത വേഗത്തിലെത്തിയ ടിപ്പര്‍ ലോറിയിടിച്ച് മൂന്ന് വയസുകാരന്‍ മരിച്ചു. വെള്ളറക്കാട് പേങ്ങാട്ടുപാറയ്ക്ക് സമീപം താമസിക്കുന്ന നേപ്പാളി സ്വദേശി ജയറാമിന്റെ മകന്‍ അലീഷാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ഒമ്ബത് മണിയോടെ ഇവര്‍ താമസിക്കുന്ന വീടിന് മുന്നില്‍വച്ചാണ് അപകടമുണ്ടായത്.
സഹോദരന്‍ അനിത്തിനെ സ്‌കൂള്‍ ബസില്‍ കയറ്റി വിടാനെത്തിയ അമ്മയോടൊപ്പം റോഡ് മുറിച്ചുകടക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. സ്‌കൂള്‍ സമയം നിയന്ത്രണം ലംഘിച്ച് അനധികൃതമായി മണ്ണുകയറ്റി അമിതവേഗത്തില്‍ വന്നിരുന്ന ടിപ്പര്‍ലോറി അലീഷിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

ഉടന്‍തന്നെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. എരുമപ്പെട്ടി എസ്.ഐ. സുബിന്തിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി ടിപ്പര്‍ലോറി കസ്റ്റഡിയിലെടുത്തു. അപകടത്തെ തുടര്‍ന്ന് ഇതുവഴി സഞ്ചരിച്ചിരുന്ന ടിപ്പര്‍ ലോറികള്‍ നാട്ടുകാര്‍ തടഞ്ഞു.

ലോറി ഡ്രൈവര്‍ ചാലിശേരി സ്വദേശി സവാദിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പഴവൂരില്‍ പ്രവര്‍ത്തിക്കുന്ന മെറ്റല്‍ ക്രഷറിലെ ജീവനക്കാരനാണ് അലീഷിന്റെ പിതാവ് ജയറാം. ജാനകിയാണ് മാതാവ്. അനിത്ത്, സുസ്മിത എന്നിവര്‍ സഹോദരങ്ങളാണ്.

