“ഞാറ്റുവേല ഉത്സവം 2018” സംഘടിപ്പിച്ചു

കൊയിലാണ്ടി: ചേമഞ്ചേരി ഗ്രാമപഞ്ചായത്തും, കൃഷിഭവനും ചേര്‍ന്ന് ഞാറ്റുവേല ഉത്സവം 2018 സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി പൂക്കാടില്‍ പഞ്ചായത്ത് ഓഫീസ് പരിസരത്ത് വിപണന കേന്ദ്രവും പ്രദര്‍ശനവും ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി ഞാറ്റുവേല ഉത്സവം ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അശോകന് കോട്ട് അദ്ധ്യക്ഷത വഹിച്ചു.
കൃഷി ഡെപ്യൂട്ടി ഡയരക്ടര്‍ എസ്.ഷീല മുഖ്യാതിഥിയായിരുന്നു. കാര്‍ഷിക ചൊല്ലുകള്‍ ശേഖരണ മത്സരത്തില്‍ ജേതാക്കളായ വിദ്യാര്‍ഥികള്‍ക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ ഷീബ വരവേക്കല്‍, ഇ. അനില്‍ കുമാര്‍, പി.പി. ശ്രീജ, ഉണ്ണി തിയ്യങ്കണ്ടി എന്നിവര്‍ ഉപഹാരങ്ങള്‍ നല്കി. കൃഷി ഓഫീസര്‍ അനിത പാലേരി സ്വാഗതവും ശശി കോളോത്ത് നന്ദിയും പറഞ്ഞു.
തുടര്‍ന്ന് വിവിധ വിഭാഗങ്ങളിലായി കര്‍ഷക ക്ലാസുകള്‍ നടന്നു. കൃഷി ഡെപ്യൂട്ടി ഡയരക്ടര്‍ ആര്. ബിന്ദു, ആത്മ പ്രജക്ട് ഡയരക്ടര്‍ എസ്. ശുഭ, കൃഷി ഓഫീസര്‍മാരായ നൗഷാദ്, ശ്രീവിദ്യ, വിദ്യ ബാബു എന്നിവര്‍ ക്ലാസ് നയിച്ചു. 24ന് സമാപിക്കുന്ന വിപണന കേന്ദ്രത്തില്‍ സംസ്ഥാന കൃഷി വകുപ്പ്, കൃഷിവിഞ്ജാന കേന്ദ്രം പെരുവണ്ണാമൂഴി, റെയ്ഡ്കോ കോഴിക്കോട്, ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, ആഗ്രോ സര്‍വ്വീസ് സെന്റര്‍ ഊരള്ളൂര്‍, തിരുവമ്പാടി, കാര്‍ഷിക കര്‍മ്മസേന മൂടാടി, ചേമഞ്ചേരി കുടുംബശ്രീ സി.ഡി.എസ്. 90ാം പാടശേഖരസമിതി എന്നീ സ്ഥാപനങ്ങളുടെ ഫലവൃക്ഷതൈകള്‍, കാര്‍ഷിക ഉത്പന്നങ്ങള്‍, ഉപകരണങ്ങള്‍, പൂച്ചെടികള്‍, കീടനാശിനികള്‍, വളങ്ങള്‍, ഫുഡ്കോര്‍ട്ട് എന്നിവയുണ്ടായിരിക്കും. കൂടാതെ പഴയകാല കാര്‍ഷിക ഉപകരണങ്ങളും, ക്യാമറകളും, വീട്ടുപകരണങ്ങളും പ്രദര്‍ശന നഗരിയിലുണ്ടായിരിക്കും.
