ഞാന്‍ വിളിച്ച വിളി ദൈവം കേട്ടു ; ഉദയകുമാറിന്റെ അമ്മ
തിരുവനന്തപുരം; ഞാന്‍ വിളിച്ച വിളി ദൈവം കേട്ടു. ഒരു മക്കള്‍ക്കും ഇനി എന്റെ മകന്റെ ഗതി വരരുത്, നൊന്തുപെറ്റ ഒരേയൊരു മകനെ തന്നില്‍ നിന്നും എന്നന്നേക്കുമായി അകറ്റിയവര്‍ക്ക് കോടതി നല്‍കിയ ശിക്ഷയില്‍ പ്രതികരിക്കുകയായിരുന്നു ഉദയകുമാറിന്റെ അമ്മ പ്രഭാവതി.
ലോകത്ത് ഒരു പോലീസുകാരും ഇനിയിങ്ങനെ പെരുമാറരുത്. ഒരു ഓണത്തിനാണ് എന്റെ മകനെ അവര്‍ പിടിച്ചുകൊണ്ടുപോയത്. മറ്റൊരു ഓണത്തിന് മുമ്ബ് അവര്‍ ശിക്ഷ ലഭിച്ചു. ഇതിന് മുകളില്‍ ഏത് കോടതിയില്‍ പോയാലും ഈ ശിക്ഷ തന്നെ അവര്‍ക്ക് ലഭിക്കും, പ്രഭാവതി പറഞ്ഞു.
പ്രതികള്‍ക്ക് വധശിക്ഷ തന്നെ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും കൂടെ നിന്ന മാധ്യമപ്രവര്‍ത്തകര്‍ക്കടക്കം എല്ലാവര്‍ക്കും നന്ദി പറയുന്നതായി പ്രഭാവതി കൂട്ടിച്ചേര്‍ത്തു.

ഉദയകുമാര്‍ ഉരുട്ടികൊല കേസില്‍ ഒന്നും രണ്ടു പ്രതികളായ കെ ജിതകുമാര്‍ , ശ്രീകുമാര്‍ എന്നിവര്‍ക്ക് വധശിക്ഷയും രണ്ട് ലക്ഷം രൂപ വീതം പിഴയുമാണ് കോടതി വിധിച്ചത്. ഇവരെ കൂടാതെ കേസിലെ മറ്റ് പ്രതികളായ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അജിത് കുമാര്‍, മുന്‍ എസ് പിമാരായ ഇകെ സാബു, ടി കെ ഹരിദാസ് എന്നിവര്‍ക്ക് മൂന്നു വര്‍ഷം വീതം തടവും അയ്യായിരം രൂപ പിഴയും കോടതി വിധിച്ചു.




