നെല്ലിപ്പൊയില്‍ ജലവൈദ്യുത പദ്ധതി 17ന് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും
കോഴിക്കോട്: മിനാര്‍ ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള ആദ്യത്തെ എട്ടു മെഗാവാള്‍ട്ട് ചെറുകിട ജലവൈദ്യുത പദ്ധതി കോടഞ്ചേരി പഞ്ചായത്തിലെ നെല്ലിപ്പൊയിലില് പ്രവര്‍ത്തനമാരംഭിക്കുന്നു. 17ന് വൈകുന്നേരം മൂന്നിന് നെല്ലിപ്പൊയില്‍ സെന്റ് തോമസ് എല്‍പി സ്കൂളില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന് പദ്ധതി ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മിനാര്‍ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന എട്ട് മെഗാവാട്ട് ആനക്കാം പൊയില്‍ ചെറുകിട ജലവൈദ്യുത പദ്ധതിയുടെ ശിലാസ്ഥാപനം വൈദ്യുതി മന്ത്രി എം.എം.മണിയും, ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ മന്ത്രി ടി.പി.രാമകൃഷ്ണനും ഉദ്ഘാടനം ചെയ്യും. കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അന്നക്കുട്ടി ദേവസ്യ, കോടഞ്ചേരി കോഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റെ് ജോര്‍ജ്കുട്ടി, മിനാര്‍ ഗ്രൂപ്പ് ഡയറക്ടര്‍ മുഹമ്മദ് ഷഫീഖ് തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.



