KOYILANDY DIARY.COM

The Perfect News Portal

ജ്യേഷ്ഠനെ പലകകൊണ്ട് തലയ്ക്കടിച്ചുകൊന്ന കേസില്‍ അനുജന് ജീവപര്യന്തം

കൊല്ലം:  ജ്യേഷ്ഠനെ പലകകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസില്‍ അനുജനു ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും. ചവറ തെക്കുംഭാഗം മാലിഭാഗം അംബികാ ഭവനത്തില്‍ പപ്പന്‍ എന്നു വിളിക്കുന്ന വിജയന്‍പിള്ള(50)യെയാണ് കൊല്ലം മൂന്നാം അഡീഷണല്‍ ഡിസ്ട്രിക്‌ട് ആന്‍ഡ് സെഷന്‍സ് ജഡ്ജ് ആര്‍. രാമബാബു ശിക്ഷിച്ചത്.

ജ്യേഷ്ഠ സഹോദരനും ഒപ്പം താമസിച്ചിരുന്നയാളുമായ തേവലക്കര പാലയ്ക്കല്‍ പുലിക്കുളം ശിവമന്ദിരത്തില്‍ ശിവന്‍കുട്ടിപിള്ളയെ പലകകഷണം കൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ. പിഴ തുകയില്‍ 50,000 രൂപ കൊല്ലപ്പെട്ട ശിവന്‍കുട്ടിപിള്ളയുടെ അനന്തരാവകാശികള്‍ക്കു നല്‍കണം. തെക്കുംഭാഗം പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം നടത്തിയത്.

2013 മെയ് 12നായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതിയുടെ ഷെഡില്‍ സഹോദങ്ങള്‍ ഒന്നിച്ചിരുന്നു മദ്യപിക്കാറുണ്ടായിരുന്നു. ശിവന്‍കുട്ടിപിള്ള കൊല്ലപ്പെടുന്നതിനു തലേദിവസം രാത്രി പ്രതിയും ശിവന്‍കുട്ടിപിള്ളയും ഒന്നിച്ചിരുന്നു മദ്യപിച്ചു. ബാക്കി വന്ന മദ്യം ശിവന്‍കുട്ടിപിള്ള കൈവശപ്പെടുത്തുകയും അതിനെച്ചൊല്ലി ഇരുവരും തമ്മില്‍ പിടിവലി നടക്കുകയും ഷെഡിലുണ്ടായിരുന്ന പലക കഷ്ണത്തിന് ശിവന്‍കുട്ടിപിള്ളയുടെ തലയില്‍ പ്രതി ആഞ്ഞടിക്കുകയുമായിരുന്നു. രക്തംവാര്‍ന്നു ശിവന്‍കുട്ടിപിള്ള സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.

Advertisements

ദൃക്‌സാക്ഷികള്‍ ഇല്ലാതിരുന്ന കേസില്‍ സാഹചര്യ തെളിവുകളുടെയും ശാസ്ത്രീയമായ തെളിവുകളുടെയും പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടറുടെയും ശിവന്‍കുട്ടിപിള്ളയുടെ ഭാര്യയുടെയും മരുമകളുടെയും അയല്‍വാസിയായ മഞ്ചുവിന്റെയും മറ്റും മൊഴികളുടെയും പ്രോസിക്യൂഷന്‍ തെളിവുകളുടെയും വാദത്തിന്റെയും അടിസ്ഥാനത്തിലാണ് ശിക്ഷ വിധിച്ചത്. പ്രോസിക്യുഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ എന്‍. രാജന്‍പിള്ള ഹാജരായി.

Share news

Leave a Reply

Your email address will not be published. Required fields are marked *