ജീവന് വേണ്ടി പോരാടുന്ന കുരുന്നിന് സര്‍ക്കാരിന്റെ കൈത്താങ്ങ്,
തിരുവനന്തപുരം: തൊടുപുഴയില്‍ യുവാവ് മര്‍ദിച്ച് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന 7 വയസുകാരന്റെ ചികിത്സാചെലവും ഇളയ കുട്ടി ഉള്‍പ്പെടെയുള്ള രണ്ട് കുട്ടികളുടെ സംരക്ഷണവും സര്‍ക്കാര്‍ ഏറ്റെടുക്കും. ആരോഗ്യ വകുപ്പും സാമൂഹ്യനീതി വകുപ്പും വനിത ശിശു വികസന വകുപ്പും ഏകോപിച്ചാണ് കുട്ടികളുടെ ചികിത്സയും സംരക്ഷണവും ഏറ്റെടുക്കുന്നത്.
ചികിത്സയിലുള്ള കുട്ടിയ്ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ നിര്‍ദേശം നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കുട്ടിയെ മര്‍ദിച്ച സംഭവത്തില്‍ കര്‍ശന നടപടിയെടുക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കുട്ടികളോടുള്ള അതിക്രമം ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ല. കുട്ടികളോടുള്ള അതിക്രമം അറിഞ്ഞിട്ടും അത് മൂടി വയ്ക്കുന്നതും ഗുരുതരമായ തെറ്റാണെന്നും മന്ത്രി പറഞ്ഞു.

അതേസമയം, ഏഴ് വയസുകാരന് ക്രൂരമര്‍ദ്ദനമേറ്റിട്ടുണ്ടെന്ന സംശയത്തെ തുടര്‍ന്ന് കുട്ടിയുടെ മാതാവിനൊപ്പം കഴിയുന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തൊടുപുഴ കുമാരമംഗലത്തിന് സമീപമാണ് ഇവര്‍ താമസിക്കുന്നത്. ഒരാഴ്ച മുമ്ബാണ് മാതാവും കൂടെ താമസിക്കുന്ന യുവാവും ചേര്‍ന്ന് കുട്ടിയെ തലയ്ക്ക് സാരമായി പരിക്കേറ്റ നിലയില്‍ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്.

കുട്ടിയുടെ നില അതീവ ഗുരുതരമായതിനാല്‍ കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുട്ടി ക്രൂരമായ മര്‍ദ്ദനത്തിനിരയായിട്ടുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പൊലീസിനെയും ശിശു ക്ഷേമ സമിതിയെയും വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഇടുക്കി ശിശു ക്ഷേമ സമിതി സംഭവം വിശദമായി അന്വേഷിച്ചു.

