KOYILANDY DIARY

The Perfect News Portal

ജീവകാരുണ്യ പ്രവര്‍ത്തന മേഖലകളില്‍ വ്യക്തി മുദ്ര പതിപ്പിച്ചുകൊണ്ട് മലപ്പുറം സി.എച്ച്‌ സെന്റര്‍

മലപ്പുറം: ജീവകാരുണ്യ പ്രവര്‍ത്തന മേഖലകളില്‍ വ്യക്തി മുദ്ര പതിപ്പിച്ചുകൊണ്ട് മലപ്പുറം സി.എച്ച്‌ സെന്റര്‍ ഒരു പടികൂടി ചുവട് വെക്കുകയാണ്. 21 ഡയാലിസിസ് മെഷീനോടുകൂടി മലപ്പുറത്ത് വിപുലമായ സൗകര്യങ്ങളോടെയാണ് പുതിയ സി.എച്ച്‌ സെന്റര്‍ കെട്ടിടം വരുന്നത്. മലപ്പുറം കിഴക്കേതലയിലെ പുല്‍പ്പത്തൊടി സൈനബ ഹജ്ജുമ്മ നല്‍കിയ ഒരു ഏക്കര്‍ 30 സെന്റ് സ്ഥലത്താണ് നിര്‍മാണം ആരംഭിക്കുന്നത്. ഈ ഭൂമിയുടെ രേഖകള്‍ ഇന്നലെ സൈനബ ഹജ്ജുമ്മയില്‍ നിന്നും പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ സ്വീകരിച്ചു. സി.എച്ച്‌. സെന്റര്‍ ജനറല്‍ സെക്രട്ടറി പി.ഉബൈദുല്ല എം.എല്‍.എക്ക് രേഖകള്‍ ഹൈദരലി തങ്ങള്‍ കൈമാറി.

2010 ല്‍ ദുബൈ കെ.എം.സി.സിയുടെയും സി.എച്ച്‌ സെന്ററിന്റെയും ആഭിമുഖ്യത്തില്‍ മലപ്പുറം താലൂക്ക് ആസ്പത്രി കേന്ദ്രീകരിച്ച്‌ തുടങ്ങിയ സെന്റര്‍ ഇന്ന് പുരോഗതിയുടെ പാതയിലാണ്. മലപ്പുറം മുനിസിപ്പല്‍ ജിദ്ദ കെ.എം.സി.സി തന്ന ആംബുലന്‍സ്, സി.എച്ച്‌ സെന്റര്‍ റിയാദ് ചാപ്റ്റര്‍ നല്‍കിയ മെഡിക്കല്‍ എയ്ഡ് സെന്റര്‍, ജിദ്ദ ചാപ്റ്റര്‍ നല്‍കിയ മെഡിക്കല്‍ ലബോറട്ടറി, ഉദാരമതികളുടെ സഹായത്തോടെ നടക്കുന്ന ആസ്പത്രിയിലെ രോഗികള്‍ക്കും കൂടെ നില്‍ക്കുന്നവര്‍ക്കുമുള്ള ഭക്ഷണവിതരണം, റമസാന്‍ നോമ്ബുതുറ അത്താഴം, എന്നിവയും തുടര്‍ന്നുകൊണ്ടിരുക്കുന്ന സേവനങ്ങളാണ്. എല്ലാ വര്‍ഷം റമസാനിലും വൃക്കരോഗികള്‍ക്ക് ധനസഹായവും നല്‍കി വരാറുണ്ട്.

സൗജന്യ ഡയാലിസിസും സൗജന്യ മരുന്ന് വിതരണവും നിലവില്‍ നടന്നുവരുന്ന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ആരംഭിക്കാനുള്ള പരിശ്രമത്തിലാണ് സി.എച്ച്‌. സെന്റര്‍ അധികൃതര്‍. ഇതിനായുള്ള കെട്ടിട നിര്‍മാണത്തിനുള്ള വലിയൊരു തുക ആവശ്യമാണ്. ഉദാരമതികളുടെ സഹായ സഹകരണവും ആവശ്യാണ് ഇതിന് എല്ലാവരും മുന്നിട്ടിറങ്ങണമെന്ന് സയ്യിദ് ഹൈദരലി തങ്ങള്‍ അഭ്യര്‍ഥിച്ചു.

Advertisements

സൈനബ ഹജ്ജുമ്മയുടെ സഹോദരന് വൃക്കരോഗം പിടിപെടുകയും ഡയാലിസിസിന് പല സ്ഥാപനങ്ങളെ സമീപിക്കുകയും ചെയ്തെങ്കിലും അവസരം ലഭിച്ചില്ല. പിന്നീട് ഹൈദരലി തങ്ങളുടെ ഇടപെടലിനെ തുടര്‍ന്നാണ് കൊണ്ടോട്ടിയില്‍ ഇതിനുള്ള സൗകര്യം ലഭിച്ചത്. മലപ്പുറത്ത് ഇങ്ങനെ ഒരു സൗകര്യമുണ്ടായിരുന്നെങ്കില്‍ തന്റെ സഹോദരന് മതിയായ ചികിത്സ നാല്‍കാനാവുമായിരുന്നു എന്ന ചിന്തയാണ് സൈനബ ഹജ്ജുമ്മക്ക് 1.30 ഏക്കര്‍ സ്ഥലം സി.എച്ച്‌ സെന്ററിന് സ്ഥലം വിട്ടു നല്‍കാന്‍ പ്രേരണയായത്. പാവപ്പെട്ട രോഗികള്‍ക്ക് ഇത്തരം അവസ്ഥയുണ്ടാവരുതെന്നാണ് തന്റെ പ്രാര്‍ഥനയെന്ന് ഇവര്‍ പറഞ്ഞു.

രേഖ കൈമാറ്റ ചടങ്ങില്‍ പി.കെ.എസ് കുഞ്ഞാന്‍ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍പേഴ്സണ്‍ സി.എച്ച്‌ ജമീല ടീച്ചര്‍, സി.എച്ച്‌ സെന്റര്‍ വര്‍ക്കിങ് സെക്രട്ടറി കൊന്നോല യൂസഫ്, സെക്രട്ടറിമാരായ എം.പി മുഹമ്മദ്, ഹകീം കോല്‍മണ്ണ എന്നിവരും മുട്ടേങ്ങാടന്‍ മുഹമ്മദലി, റഫീഖലി പെരിക്കാത്ര, പി.അബ്ദുല്‍ മജീദ്, ബഷീര്‍ കുട്ടശ്ശേരി, ശിഹാബ് എം, ഷാഫി പാലക്കല്‍, അന്‍സാര്‍ ബാബു, പി.സജ്ജാദ്, കെ.സഫീര്‍, മുഹമ്മദ് പൈത്തിനിപ്പറമ്ബ്, സി.പി ഷെരീഫ്, എം.ഹംസ, പി. മുജീബ്, എം.ഹാരിസ് പ്രസംഗിച്ചു.

സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളാണ് മലപ്പുറം സി.എച്ച്‌ സെന്ററിന്റെ പ്രസിഡന്റ്. തങ്ങളുടെ നേതൃത്വത്തിലാണ് സി.എച്ച്‌ സെന്ററിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *