ജില്ലാ ജയിലിലെ അന്തേവാസികള്‍ക്ക് രാഷ്ട്രപിതാവിന്റെ പുസ്തകം നല്‍കി

കോഴിക്കോട്: കോഴിക്കോട് ജില്ലാ ജയിലിലെ അന്തേവാസികള്‍ക്ക് രാഷ്ട്രപിതാവിന്റെ പുസ്തകം നല്‍കി. കാലിക്കറ്റ് യൂണിവേഴ്സിറ്റി ഗാന്ധിചെയറും സെന്റ് ജൂഡ്സ് ബുക്സും ചേര്‍ന്ന് പുറത്തിറക്കിയ മഹാത്മജിയുടെ ആശയലോകം എന്ന പുസ്തകമാണ് ജയിലില്‍ വിതരണം ചെയ്തത്. ജയിലില്‍ നടന്ന ചടങ്ങില്‍ ഡോ. എം.ജി.എസ് നാരായണന്‍ ജില്ലാ ജയില്‍ സൂപ്രണ്ട് കെ.അനില്‍കുമാറിന് പുസ്തകം കൈമാറി പരിപാടി ഉദ്ഘാടനം ചെയ്തു.
രാജ്യത്തെ ബാധിക്കുന്ന വിവിധ വിഷയങ്ങളില്‍ ഗാന്ധിജിയുടെ അഭിപ്രായങ്ങളടങ്ങുന്ന ഗാന്ധി ചിന്തകള്‍ എന്ന കൃതിയുടെ മലയാള വിവര്‍ത്തനമാണ് മഹാത്മജിയുടെ ആശയലോകം. ഡോ. ആര്‍സുവാണ് പുസ്തകം വിവര്‍ത്തനം ചെയ്തത്. ഗാന്ധിജിയുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ നടന്ന പ്രഥമ സത്യഗ്രഹ സമരമായ ചമ്പാരന്‍ സമരത്തിന്റെ ശതാബ്ദി വര്‍ഷത്തിന്റെ ഭാഗമായാണ് ജയിലുകളില്‍ പുസ്തകവിതരണം നടത്തുന്നത്.

ജയിലിലെ അന്തേവാസികള്‍ നിര്‍മ്മിച്ച പേപ്പര്‍ ബാഗുകളുടെ വിതരണ ഉദ്ഘാടനവും ചടങ്ങില്‍ വച്ച് നടന്നു. പരിസ്ഥിതി വിഷയത്തിലെ തടവുകാരുടെ ഇടപെടല്‍ കൂടിയാണ് പേപ്പര്‍ ബാഗ് നിര്‍മ്മാണം കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ജയില്‍ സൂപ്രണ്ട് അനില്‍കുമാര്‍ പറഞ്ഞു. മൂവായിരം ബാഗുകള്‍ ഇതിനകം നിര്‍മ്മിച്ചുകഴിഞ്ഞു. തടവുകാര്‍ക്ക് ഇതുവഴി വരുമാനമുണ്ടാക്കാനും സാധിക്കും. എവരിതിംഗ് സൂപ്പര്‍മാര്‍ക്കറ്റിലെ കെ.സജിത്ത് പേപ്പര്‍ബാഗുകള്‍ ഏറ്റുവാങ്ങി. ഡോ. ആര്‍സു, ഇന്‍ഡോ അറബ് കോണ്‍ഫെഡറേഷന്‍ പ്രസിഡന്റ് എം.വി.കുഞ്ഞാമു, സ്വാതന്ത്യസമര സേനാനി പി.വാസു എന്നിവര്‍ സംസാരിച്ചു.

