KOYILANDY DIARY.COM

The Perfect News Portal

ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ ഡോക്ടര്‍മാരും ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നൽകും

കണ്ണൂര്‍: നവകേരളം പണിയാന്‍ ഒരു മാസത്തെ വരുമാനം നല്‍കുകയെന്ന മുഖ്യമന്ത്രിയുടെ അഭ്യര്‍ഥനക്ക് ജില്ലയില്‍ മികച്ച പ്രതികരണം. ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ ഡോക്ടര്‍മാരും ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാന്‍ സമ്മതപത്രം നല്‍കി. സര്‍ക്കാര്‍ മേഖലയില്‍ ആകെ 430ലേറെ ഡോക്ടര്‍മാരാണ് ജില്ലയിലുള്ളത്.

ഇവരെല്ലാം ഒരു മാസത്തെ ശമ്പളം സംഭാവനയായി നല്‍കാന്‍ തീരുമാനിച്ചതായി ഇതുസംബന്ധിച്ച്‌ ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ബന്ധപ്പെട്ടവര്‍ അറിയിച്ചു. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിലെയും ഓഡിറ്റ് വിഭാഗത്തിലെയും മുഴുവന്‍ ജീവനക്കാരും ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ തീരുമാനിച്ചു. ആകെ 68 പേരാണ് ഈ ഓഫീസുകളിലായി ഉള്ളത്. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലെയും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിലെയും മുഴുവന്‍ ജീവനക്കാരും ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും. ഇവര്‍ ആദ്യ ഗഡു ആഗസ്റ്റ് മാസത്തെ ശമ്പളത്തോടൊപ്പം നല്‍കി.

ജില്ലാ പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും ജീവനക്കാരും ഒരു മാസത്തെ് ശമ്പളം സംഭാവന നല്‍കുന്നതിനുളള്ള സമ്മതപത്രം കഴിഞ്ഞ ദിവസം മന്ത്രി ഇ പി ജയരാജനെ ഏല്‍പ്പിച്ചിരുന്നു. ജില്ലയിലെ ഒമ്പത് ഗ്രാമ പഞ്ചായത്തുകളിലെ ഭരണസമിതി അംഗങ്ങളും ജീവനക്കാരും ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്യാന്‍ മുന്നോട്ട് വന്നിട്ടുണ്ട്. പെരിങ്ങോം-വയക്കര, മുഴക്കുന്ന്, മുണ്ടേരി, എരുവേശ്ശി, കാങ്കോല്‍-ആലപ്പടമ്ബ്, അഴീക്കോട്, കണ്ണപുരം, കരിവെള്ളൂര്‍-പെരളം, കുഞ്ഞിമംഗലം എന്നിവയാണ് ഈ പഞ്ചായത്തുകള്‍.

Advertisements

ധനസമാഹരണ പ്രവര്‍ത്തനങ്ങളുടെ സെക്രട്ടറിതല ചുമതലയുള്ള പൊതു വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി എ ഷാജഹാനും യോഗത്തില്‍ സംബന്ധിച്ചു. 15 ലക്ഷത്തിലേറെപ്പേര്‍ ദുരിതാശ്വാസ ക്യാമ്ബില്‍ കഴിയേണ്ടി വന്ന പ്രളയം ഇന്നുവരെ നാം നേരിട്ടിട്ടില്ലാത്ത കൊടിയ ദുരന്തമാണെന്ന് എ ഷാജഹാന്‍ പറഞ്ഞു. കേരളത്തെ പുനര്‍നിര്‍മിക്കാന്‍ സാമ്പത്തിക സഹായം മാത്രമല്ല, സാങ്കേതികമായ വൈദഗ്ധ്യവും നിര്‍ദേശങ്ങളും നല്‍കാന്‍ കഴിയുന്നവര്‍ അതും നല്‍കണമെന്നാണ് സര്‍ക്കാര്‍ അഭ്യര്‍ഥിച്ചിട്ടുള്ളത്.

ദുരിതാശ്വാസനിധിയിലേക്കുള്ള ധനസമാഹരണത്തില്‍ പരമാവധി പിന്തുണ ജീവനക്കാര്‍ നല്‍കണം. ഓരോ ഉദ്യോഗസ്ഥനും കഴിയാവുന്നവരെ സംഭാവന ചെയ്യിക്കുന്നതിന് പ്രേരിപ്പിക്കണം. ഈ സംഭാവനക്ക് 100 ശതമാനം ആദായ നികുതിയിളവ് ലഭിക്കുന്നതാണ്. ജില്ലകളില്‍ 10 മുതല്‍ 15 വരെയുള്ള ദിവസങ്ങളില്‍ വിവിധ കേന്ദ്രങ്ങളില്‍ വെച്ച്‌ മന്ത്രിമാര്‍ സംഭാവന ഏറ്റുവാങ്ങാനാണ് നിശ്ചയിച്ചിട്ടുള്ളതെന്നും അദ്ദേഹം അറിയിച്ചു. ജില്ലയില്‍ പൊതുജനങ്ങളില്‍ നിന്ന് മികച്ച പ്രതികരണമാണ് ഇതുവരെ ലഭിച്ചിട്ടുള്ളതെന്ന് ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി അറിയിച്ചു. ജീവനക്കാരും അവരുടെ കടമ നിറവേറ്റാന്‍ മുന്നോട്ടുവരണമെന്ന് കലക്ടര്‍ അഭ്യര്‍ഥിച്ചു.

ഇതോടൊപ്പം പൊതുജനങ്ങളില്‍ നിന്നും സംഘടനകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസമാഹരണം നടത്തണമെന്നാണ് സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചിട്ടുള്ളത്. ഇൗ പ്രവര്‍ത്തനങ്ങള്‍ക്ക് വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍, ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ എന്നിവര്‍ക്കാണ് ജില്ലയുടെ ചുമതല. കണ്ണൂര്‍ ജില്ലയില്‍ കലക്ടറുടെ നേതൃത്വത്തില്‍ ‘എന്റെ ഒരു മാസം കേരളത്തിന്’ എന്ന പേരില്‍ ഒരു മാസത്തെ ശമ്പളം കേരളത്തെ ്രപളയക്കെടുതിയില്‍ നിന്ന് കരകയറ്റാനായി സംഭാവന നല്‍കാനുള്ള ക്യാമ്പയിന്‍ നേരത്തെ ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി നിരവധി ഉദ്യോഗസ്ഥര്‍ ആഗസ്ത് മാസത്തെ ശമ്ബളം പൂര്‍ണമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇതിനകം തന്നെ നല്‍കി.

എ ഡി എം ഇ മുഹമ്മദ് യൂസഫ്, സബ് കലക്ടര്‍ എസ് ചന്ദ്രശേഖര്‍, ഡെപ്യൂട്ടി കലക്ടര്‍ കെ കെ അനില്‍കുമാര്‍, ഡി എഫ് ഒ സുനില്‍പാമിടി, തളിപ്പറമ്ബ് ആര്‍ ഡി ഒ റജി ജോസ്, ജില്ലാതല ഉദേ്യാഗസ്ഥര്‍, തഹസില്‍ദാര്‍മാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *