ജാഗ്രതാ സദസ്സ് സംഘടിപ്പിച്ചു
കോഴിക്കോട്: ജാതി-മത വിവേചനങ്ങള്‍ക്കെതിരേ ഡി.വൈ.എഫ്.ഐ. ജില്ലാ കമ്മിറ്റി ജാഗ്രതാ സദസ്സ് നടത്തി. പുതിയ ബസ്‌സ്റ്റാന്‍ഡില്‍ നടന്ന സദസ്സ് സംസ്ഥാന ട്രഷറര്‍ എസ്.കെ. സജീഷ് ഉദ്ഘാടനം ചെയ്തു. ജില്ലാപ്രസിഡന്റ് എല്‍.ജി. ലിജീഷ് അധ്യക്ഷത വഹിച്ചു. രാജ്യത്ത് ഫ്യൂഡല്‍ കാലഘട്ടത്തിലെപ്പോലെ ബി.ജെ.പി. അന്ധവിശ്വാസം പ്രചരിപ്പിക്കുകയാണെന്നും അറിവ് നിഷേധിക്കുകയാണ് സംഘപരിവാറിന്റെ രീതിയെന്നും അദ്ദേഹം പറഞ്ഞു.
മനുസ്മൃതിയുടെ കാലഘട്ടത്തിലേക്ക് നമ്മെ നയിക്കാനാണ് അവര്‍ ശ്രമിക്കുന്നത്. രോഹിത് വെമുല മുതല്‍ ഫാത്തിമ ലത്തീഫ് വരെ അറിവ് നിഷേധിക്കലിന്റെ ബലിയാടുകളാണ്. വിദ്യാഭ്യാസമേഖലയ്ക്കുള്ള വിഹിതം ഓരോ വര്‍ഷവും വെട്ടിക്കുറയ്ക്കുന്നത് ആ മേഖലയെ തകര്‍ക്കാനാണ്. അജ്ഞരായ ജനങ്ങള്‍ അധികാരത്തിലുള്ളവരെ ചോദ്യം ചെയ്യാതെ ഭയന്ന് ജീവിച്ചുകൊള്ളുമെന്ന് അവര്‍ കണക്കുകൂട്ടുന്നു. വീണ്ടും അധികാരത്തിലേറാനും ഇതാണ് നല്ലതെന്നാണ് ബി.ജെ.പി. കരുതുന്നത്.

ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തില്‍നിന്ന് വേരുറച്ച യഥാര്‍ഥ ദേശീയബോധവും മതനിരപേക്ഷതയും തകര്‍ക്കാനാണ് സംഘപരിവാര്‍ ശ്രമിക്കുന്നത്. ബി.ജെ.പി.ക്ക് ഹിന്ദുത്വം അധികാരത്തിലേക്കുള്ള കുറുക്കുവഴി മാത്രമാണ് -സജീഷ് പറഞ്ഞു. ജില്ലാ സെക്രട്ടറി വി. വസീഫ്, സംസ്ഥാന ജോയന്റ് സെക്രട്ടറി പി. നിഖില്‍, ജില്ലാ ട്രഷറര്‍ പി.സി. ഷൈജു, പിങ്കി പ്രമോദ് എന്നിവര്‍ സംസാരിച്ചു.

