ജവഹര്‍ അഖിലേന്ത്യാ സെവന്‍സിന് തിങ്കളാഴ്ച കിക്കോഫ്

മുക്കം: മലയോരത്തെ ഫുട്ബാള്‍ പ്രേമികള്‍ക്ക് ആഹ്ലാദ ദിനങ്ങള്‍ സമ്മാനിച്ച് മാവൂര്‍ ജവഹര്‍ അഖിലേന്ത്യാ സെവന്‍സ് ഫുട്ബാള്‍ ടൂര്‍ണ്ണമെന്റിന് തിങ്കളാഴ്ച തുടക്കമാവും. ചെറുപ്പയിലെ നവീകരിച്ച പഞ്ചായത്ത് സറ്റേഡിയത്തിലാണ് മത്സരം നടക്കുക. സംസ്ഥാനത്തെ പ്രഗല്ഭരായ 24 അംഗീകൃത ടീമുകള്‍ ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കും. ടൂര്‍ണമെന്റിന്റെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു.
ജില്ലയിലെ ഈ വര്‍ഷത്തെ അദ്യ ടൂര്‍ണമെന്റാണ് മാവൂരിലേത്. മലപ്പുറം കോഴിക്കോട് ജില്ലകളിലെ കളി കമ്പക്കാര്‍ക്കായി ആറായിരം പേര്‍ക്ക് ഇരുന്ന് കളി കാണാന്‍ സംഘാടകര്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും ടൂര്‍ണമെന്റില്‍ നിന്ന് ലഭിക്കുന്ന വരുമാനം ഉപയോഗപ്പെടുത്തുമെന്നും സംഘാടകര്‍ പറഞ്ഞു.
1969 മുതല്‍ മാവൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ചു വരുന്ന ജവഹര്‍ ക്ലബ് 2007 മുതലാണ് അഖിലേന്ത്യാ സെവന്‍സ് മത്സരം നടത്തിവന്നത്. ഇക്കാലമത്രയും ഫുട്ബാളിനൊപ്പം തന്നെ ജീവകാരുണ്യ പ്രവര്‍ത്തനവും തങ്ങളുടെ സവിശേഷതയായിരുന്നു എന്നും സംഘാടകര്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ കെ ടി അഹമ്മദ് കുട്ടി, അഡ്വ: ഷമീംപക്സാന്, എ.പി. വ്യാസ്, ഷമീര്‍ ബാബു, അബ്ദുല്‍ ഹമീദ് എന്നിവര്‍ പങ്കെടുത്തു.
