ജമ്മു കശ്മീര്‍ വിഷയം; ഹര്‍ജികളില്‍ പിഴവുകളെന്ന് സുപ്രീം കോടതി

ജമ്മു കശ്മീര്‍ വിഷയവുമായി ബന്ധപ്പെട്ട ഹര്ജികളില്‍ പിഴവുകളെന്ന് സുപ്രീം കോടതി. ഗൗരവമേറിയ വിഷയത്തില്‍ ഇത്തരം ഹര്‍ജികള്‍ എങ്ങനെ ഫയല്‍ ചെയ്യുന്നുവെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗാഗോയി ചോദിച്ചു. ജമ്മു കശ്മീരുമായി ബന്ധപ്പെട്ട എല്ലാ ഹര്‍ജികളും അടുത്ത ആഴ്ച ഒരുമിച്ച് പരിഗണിക്കും. സുരക്ഷാ ഏജന്‍സികളെ വിശ്വസത്തില്‍ എടുക്കണം എന്ന് നിയന്ത്രണങ്ങള്‍ ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാര്‍ മറുപടി നല്‍കി.
പ്രത്യേക പദവി എടുത്ത് കളഞ്ഞ രാഷ്ട്രപതിയുടെ വിജ്ഞാപനം ചോദ്യം ചെയ്ത് അഭിഭാഷകന്‍ എം എല്‍ ശര്‍മ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് ജമ്മു കശ്മീരുമായി ബന്ധപ്പെട്ട ഹര്ജികളില്‍ പിഴവുകളുണ്ടെന്ന സുപ്രീം കോടതിയുടെ വിമര്‍ശനം. അര മണിക്കൂര്‍ വായിച്ചിട്ടും എം എല്‍ ശര്‍മയുടെ ഹര്‍ജി മനസിലായില്ലെന്ന് പറഞ്ഞ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗാഗോയി ഹര്‍ജി തള്ളാത്തത് മറ്റ് ഹര്ജികളെയും ബാധിക്കുന്നതിനാല്‍ ആണെന്നും വ്യക്തമാക്കി. മറ്റ് ഹര്‍ജികളുടെ അവസ്ഥയും ചീഫ് ജസ്റ്റിസ് രജിസ്ട്രിയോട് ആരാഞ്ഞു.

6 ഹര്ജികളില്‍ 2 എണ്ണത്തിന്റെ പിഴവുകള്‍ മാത്രമാണ് ഇതുവരെ തിരുത്തിയതെന്ന് രജിസ്ട്രി അറിയിച്ചു. ഇത്ര ഗൗരവമേറിയ വിഷയത്തില്‍ പിഴവുകള്‍ ഉള്ള ഹര്‍ജികള്‍ എങ്ങനെ ഫയല്‍ ചെയ്യുന്നുവെന്നും കോടതി ചോദിച്ചു. ഹര്‍ജി തിരുത്താന്‍ എംഎല്‍ ശര്‍മയ്ക്ക് കോടതി പിന്നീട് അനുമതി നല്‍കി. മാധ്യമ നിയന്ത്രത്തിനെതിരായ കശ്മീര്‍ ടൈംസ് എക്സിക്യൂട്ടീവ് എഡിറ്ററുടെ ഹര്‍ജിയും ഇന്ന് കോടതിയിലെത്തി. ഫോണ്‍, ഇന്റര്‍നെറ്റ് നിയന്ത്രണങ്ങള്‍ ഇന്ന് വൈകുന്നേരത്തോടെ നീങ്ങുമെന്നാണ് വാര്‍ത്തകള്‍. അതിനാല്‍ ഹര്‍ജി കുറച്ച് കഴിഞ്ഞ് കേള്‍ക്കാമെന്ന് കോടതി പറഞ്ഞു.

എന്നാല്‍ മാധ്യമ പ്രവര്‍ത്തകരെ സുരക്ഷാ ജീവനക്കാര്‍ തടയുന്ന കാര്യം ഹര്‍ജിക്കാരിയുടെ അഭിഭാഷക ചൂണ്ടിക്കാട്ടി. സുരക്ഷാ ഏജന്‍സികളെ വിശ്വസത്തില്‍ എടുക്കണമെന്നായിരുന്നു ഇതിന് കേന്ദ്ര സര്‍ക്കാരിന്റെ മറുപടി. ഹര്‍ജികള്‍ പിന്നീട് പരിഗണിക്കാനായി മാറ്റിയ കോടതി ബാക്കി 4 ഹര്‍ജികള്‍ അടക്കം അടുത്തയാഴ്ച ഒരുമിച്ച് കേള്‍ക്കും. പ്രത്യേക പദവി റദ്ദാക്കിയത് ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍, വിവിധ നിയന്ത്രണങ്ങള്‍ ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ എന്നിവയാണ് സുപ്രീം കോടതി പരിഗണിക്കുക.

