ജമ്മു: ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികളെ വധിച്ചു

ശ്രീനഗർ: ശ്രീനഗർ ജമ്മു ദേശീയപാതയിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികളെ വധിച്ചു. ശ്രീനഗറിൽ നിന്ന് 12 കിലോമീറ്റർ അകലെ പാമ്പോറിലാണ് ഏറ്റുമുട്ടലുണ്ടായതെന്ന് പൊലീസ് അറിയിച്ചു. പിക്ക് അപ്പ് വാനിൽ സഞ്ചരിച്ച അക്രമികൾ വെടിയുതിർക്കുകയായിരുന്നു.
സുരക്ഷാ പിക്കറ്റിൽ നിർത്താനാവശ്യപ്പെട്ടപ്പോഴാണ് വെടിയുതിർത്തതെന്ന് പൊലീസ് പറയുന്നു. തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥരും തിരിച്ചടിക്കുകയായിരുന്നു. പുതുതായി തുടങ്ങിയ താൽക്കാലിക ചെക്ക് പോസ്റ്റിലാണ് ഏറ്റുമുട്ടലുണ്ടായത്. അനന്ത്നാഗ് ജില്ലയിൽ നിന്ന് ശ്രീനഗറിലേക്ക് തീവ്രവാദികൾ കടക്കാൻ സാദ്ധ്യതയുണ്ടെന്ന വിവരത്തെ തുടർന്നാണ് പാമ്പോറിലെ സെമ്പോറയിൽ താൽക്കാലിക പോസ്റ്റ് സ്ഥാപിച്ചത്.
