ജനുവരി 20 മുതല്‍ ഫെബ്രുവരി 10 വരെ കുമ്മനത്തിന്റെ കേരളയാത്ര

തിരുവനന്തപുരം:ബി.ജെ.പി. സംസ്‌ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ നേതൃത്വം നല്‍കുന്ന കേരളയാത്രയുടെ തീയതി ഇന്നലെ ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗം തീരുമാനിച്ചു. ജനുവരി 20 ന് ആരംഭിക്കുന്ന യാത്ര ഫെബ്രുവരി 10 നു സമാപിക്കും.
യാത്രയില്‍ ആരൊക്കെ പങ്കെടുക്കണമെന്നതടക്കമുള്ള കാര്യങ്ങള്‍ ഇന്നു ചേരുന്ന ഭാരവാഹി യോഗത്തിലും സംസ്‌ഥാന കൗണ്‍സിലിലും തീരുമാനിക്കും.
. മുപ്പതു ശതമാനം ഭാരവാഹികളും മാറിയുള്ള പുനഃസംഘടന വേണമെന്ന ആവശ്യം കുമ്മനം തന്നെ ആദ്യം ഉന്നയിക്കുകയായിരുന്നു.
എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പു വരെ പുനഃസംഘടന വേണ്ടെന്ന നിര്‍ദേശം മുന്‍ പ്രസിഡന്റ് വി. മുരളീധരന്‍ മുന്നോട്ടുവെച്ചു. അടിമുടി മാറ്റുന്ന പുനഃസംഘടന പാര്‍ട്ടിയെ വെട്ടിലാക്കുമെന്ന മുരളീധരന്റെ അഭിപ്രായത്തോടു ഭൂരിപക്ഷം അംഗങ്ങളും യോജിച്ചു.
എസ്.എന്‍.ഡി.പി. യോഗത്തിന്റെ രാഷ്ര്‌ടീയ പാര്‍ട്ടിയായ ഭാരത് ധര്‍മ്മ ജനസേനയുമായി (ബി.ഡി.ജെ.എസ്) രണ്ടാംഘട്ട ചര്‍ച്ച നടത്താനും കോര്‍ കമ്മിറ്റിയില്‍ തീരുമാനമായി. ഒന്നിച്ചു നില്‍ക്കുമ്പോഴും ബി ടീമായി മാറാത്ത തരത്തിലുള്ള സഖ്യമാകണം ഉണ്ടാക്കേണ്ടതെന്ന അഭിപ്രായമുണ്ടായി. തെരഞ്ഞെടുപ്പ് മേല്‍നോട്ടത്തിനായി 20 അംഗ സമിതിയെ നിയോഗിക്കാനും തീരുമാനമുണ്ടായി. അഖിലേന്ത്യാ സെക്രട്ടറി എച്ച് രാജ, സംഘടനാ ചുമതലയുള്ള ജോയിന്റ് സെക്രട്ടറി എല്‍. സന്തോഷ്, മുതിര്‍ന്ന നേതാവ് ഒ. രാജഗോപാല്‍ തുടങ്ങിയ നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു.
ഇന്നു രാവിലെ 10 ന് കോട്ടയ്‌ക്കകം പ്രിയദര്‍ശിനി ഹാളിലാണു സംസ്‌ഥാന ഭാരവാഹി യോഗം. കേരളത്തിന്റെ ചുമതലയുള്ള മംഗലാപുരം എം.പി. നളിന്‍ കുമാര്‍ കാട്ടീല്‍ യോഗത്തില്‍ പങ്കെടുക്കും. തുടര്‍ന്നു ഉച്ചയ്‌ക്കു രണ്ടിന് നടക്കുന്ന കൗണ്‍സിലില്‍ കുമ്മനം നയ വിശദീകരണം നടത്തും.
