ജനാധിപത്യ പൊലീസ് സംവിധാനത്തിലൂടെ മാത്രമേ നാട്ടില്‍ സുരക്ഷിതാന്തരീക്ഷം സൃഷ്ടിക്കാനാകൂവെന്ന് മുഖ്യമന്ത്രി
കണ്ണൂര്‍ : ജനാധിപത്യ പൊലീസ് സംവിധാനത്തിലൂടെ മാത്രമേ നാട്ടില്‍ സുരക്ഷിതാന്തരീക്ഷം സൃഷ്ടിക്കാനാകൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മാങ്ങാട്ടുപറമ്പ് കെഎപി നാലാം ബറ്റാലിയനില്‍ കെഎപിയിലെയും എംഎസ്പിയിലെയും പുതിയ ബാച്ചിന്റെ പാസിങ് ഔട്ട് പരേഡില്‍ സല്യൂട്ട് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങളുടെ പിന്തുണയും പങ്കാളിത്തവും ഉറപ്പാക്കുന്ന ജനാധിപത്യ പൊലീസ് സംവിധാനമാണ് ഇന്ന് ആവശ്യം. അതാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്; അതിനാണ് ശ്രമിക്കുന്നതും. എല്ലാ സ്റ്റേഷനിലും പൌരാവകാശ രേഖ പ്രസിദ്ധീകരിക്കണമെന്ന കാഴ്ചപ്പാടാണുള്ളത്. ജനങ്ങള്‍ക്ക് ലഭിക്കേണ്ട സേവനം ഒരര്‍ഥത്തിലും കുറയരുത്. ജനങ്ങളോട് മര്യാദയോടെ പെരുമാറുന്ന, സാധാരണക്കാരന്റെ ആവലാതികള്‍ക്ക് ആശ്വാസമേകുന്ന, അഴിമതിക്ക് വശംവദരാകാത്ത പൊലീസ് വേണം. പെരുമാറ്റത്തില്‍ വിനയവും നിയമം നടപ്പാക്കുന്നതില്‍ കാര്‍ക്കശ്യവും പുലര്‍ത്തുന്ന ഉത്തമ പൊലീസ് ഉദ്യോഗസ്ഥരായി സേനയിലെത്തുന്നവര്‍ മാറണം.

കൊളോണിയല്‍ മര്‍ദകശൈലി അല്ല പൊലീസില്‍ നിന്ന് നാട് പ്രതീക്ഷിക്കുന്നത്. നിയമസമാധാനപാലനം ബലപ്രയോഗവും ഭീഷണിപ്പെടുത്തലുംകൊണ്ടുമാത്രം സാധ്യമാകില്ല. ഇവ അനിവാര്യമായ അപൂര്‍വം സന്ദര്‍ഭങ്ങളുണ്ടാകാം. അതിനപ്പുറം ജനങ്ങളുമായുള്ള ക്രിയാത്മകബന്ധവും സഹകരണവും വഴി നാടിന്റെ പരിവര്‍ത്തന പ്രക്രിയയില്‍ പങ്കാളിയാകാന്‍ പൊലീസിന് കഴിയണം.

പൊലീസിന്റെ അടിസ്ഥാന സൌകര്യങ്ങളും മനുഷ്യശേഷിയും വര്‍ധിക്കണം. പരിമിതികള്‍ പരിഹരിക്കാന്‍ കഴിയാവുന്ന കാര്യങ്ങള്‍ സമയബന്ധിതമായി നടപ്പാക്കാന്‍ ശ്രമിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

