ജനാധിപത്യ ചേരിയിലെ വിള്ളൽ ഫാസിസ്റ്റുകളെ ഭരണത്തിലേറ്റി: മുല്ലപ്പള്ളി രാമചന്ദ്രൻ

കൊയിലാണ്ടി: ജനാധിപത്യ-സോഷ്യലിസ്റ്റ് ചേരിയിലുണ്ടായ വിള്ളൽ ഗുജറാത്തിൽ വംശഹത്യനടത്തിയ മോദിക്കെതിരെ പ്രതിരോധമൊരുക്കുതിന് തടസ്സമായെന്നും ഏകാധിപതിയുടെ അഹന്തയുടെ ഫലം ജനങ്ങൾ അനുഭവിക്കുകയാണെും മുല്ലപ്പള്ളി രാമചന്ദ്രൻ. കോൺഗ്രസ് കാരയാട് മേഖല സമ്മേളനത്തോടനുബന്ധിച്ച് നടന്ന കുടുംബസംഗമം ഏക്കാട്ടൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തെരഞ്ഞെടുപ്പ് കാലത്ത് വിദേശ ബാങ്കുകളിൽ ഇന്ത്യക്കാർ നിക്ഷേപിച്ച കള്ളപ്പണം തിരിച്ചുകൊണ്ടുവരുമെന്ന് പറഞ്ഞ മോദി ഇപ്പോൾ മിണ്ടുന്നില്ല. കോർപറേറ്റുകളിൽ നിന്നും കോടികൾ കൈപ്പറ്റി കേന്ദ്ര സർക്കാർ രാജ്യം വിറ്റുതുലയ്ക്കുകയാണ.് മോദിയും കൂട്ടരും ജനങ്ങളെ കൊല്ലാക്കൊല ചെയ്യുകയാണ്. ബാങ്കുകളിൽ ക്യു നിൽക്കുന്ന പാവങ്ങളെയും, സാധാരണക്കാരെയും ബി ജെ പി നേതാക്കൾ കള്ളപ്പണക്കാരെന്ന് മുദ്രകുത്തുന്നു. അതേസമയം എഫ് സി ഐയിലെ തൊഴിൽ തർക്കം പരിഹരിക്കാൻ സംസ്ഥാന സർക്കാറിന് സാധിക്കാത്തതാണ് റേഷനരി വിതരണം മുടങ്ങാൻ കാരണമായതെന്നും കേരളത്തിൽ ഒരു ഭരണമുണ്ടോയെന്ന് ജനങ്ങൾ ചോദിച്ചുതുടങ്ങിയതായും അദ്ദേഹം പറഞ്ഞു.
സി രാമദാസ് അധ്യക്ഷത വഹിച്ചു. ഡി സി സി സെക്രട്ടറി ഇ അശോകൻ, മേപ്പയൂർ ബ്ലോക്ക് പ്രസിഡണ്ട് കെ പി വേണുഗോപാലൻ, ഐ എൻ ടി യു സി യുവജന വിഭാഗം ദേശീയ സെക്രട്ടറി മനോജ് എടാണി, ഐ എൻ ടി യു സി മണ്ഡലം പ്രസിഡണ്ട് യൂസഫ് കുറ്റീക്കണ്ടി, ബിൻസിൻ ഏക്കാട്ടൂർ, ഒ കെ ചന്ദ്രൻ, പി കുട്ടികൃഷ്ണൻ നായർ, ശ്രീജ പുളിയത്തിങ്കൽ, ലത പൊറ്റയിൽ, സതീദേവി കൈലാസം, സി പി സുകുമാരൻ എന്നിവർ സംസാരിച്ചു.
