ജനവാസ കേന്ദ്രത്തിൽ ഫ്ലാറ്റ് നിർമ്മിക്കാനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു

കൊയിലാണ്ടി: ജനവാസ കേന്ദ്രത്തിൽ ഫ്ലാറ്റ് നിർമ്മിക്കാനുള്ള സ്വകാര്യ വ്യക്തിയുടെ ശ്രമം നാട്ടുകാർ തടഞ്ഞു. കൊയിലാണ്ടി നഗരസഭയിലെ 28-ാം ഡിവിഷനിൽ കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തിന് സമീപം സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയിലെ ഫ്ളാറ്റ് നിർമ്മാണ പ്രവൃത്തിയാണ് പരിസരവാസികൾ തടഞ്ഞത്.
പൊതുവെ ചതുപ്പ് നിലമായ ഇവിടെ നിരവധി വീട്ടുകാരാണ് താമസിച്ചു വരുന്നത്. ജനനിബിഢമായ പ്രദേശത്ത് കേവലം പതിനൊന്ന് സെന്റ് വരുന്ന സ്ഥലത്താണ് സ്വകാര്യ വ്യക്തി കച്ചവട ലക്ഷ്യം മുൻനിർത്തി നാല് നിലകളുള്ള ഫ്ലാറ്റ് പണിയാൻ ശ്രമിക്കുന്നതെന്നാണ് ആക്ഷേപം. ഫ്ലാറ്റ് നിർമ്മിക്കുന്ന സ്ഥലവും തൊട്ടടുത്ത വീടുകളും തമ്മിൽ മൂന്ന് മീറ്റർ പോലും അകലമില്ലെന്നും പരിസരവാസികൾ പറയുന്നു.

മഴക്കാലമായാൽ മാലിന്യപ്രശ്നങ്ങൾ കൊണ്ട് വീർപ്പ് മുട്ടുന്ന തങ്ങൾക്ക് ഫ്ളാറ്റ് നിർമ്മിച്ചു കഴിഞ്ഞാൽ ശുദ്ധമായ കുടിവെള്ളം പോലും കിട്ടാക്കനിയാവുമെന്ന ആശങ്കയിലാണ് വീട്ടുകാർ. നഗരസഭ രണ്ട് വർഷം മുമ്പ് നൽകിയ കെട്ടിട നിർമ്മാണ അനുമതി ഉപയോഗിച്ച് തണ്ണീർത്തട സംരക്ഷണ നിയമത്തിന്റെ പരിധിയിൽപ്പെടുന്ന പ്രദേശത്താണ് നിർമ്മാണച്ചട്ടങ്ങൾക്ക് വിരുദ്ധമായി ഇപ്പോൾ കെട്ടിടം പണിയാൻ നീക്കം നടക്കുന്നതെന്നും നാട്ടുകാർ ആരോപിക്കുന്നു. ഇത് സംബന്ധിച്ച് പരിസരവാസികൾ നരസഭാധികൃതർക്ക് പരാതി നൽകിയിരുന്നെങ്കിലും രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് നിർമ്മാണ പ്രവൃത്തി തുടരാനാണ് സ്ഥലം ഉടമയുടെ ശ്രമമെന്നും ആക്ഷേപമുണ്ട്.

