ജനരക്ഷാ യാത്രയില്‍നിന്ന് അമിത് ഷാ പിന്‍മാറി

കണ്ണൂര്‍: ജനരക്ഷായാത്രയില്‍നിന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പിന്‍മാറി. ഇന്ന് കണ്ണൂരില്‍ പിണറായിയിലൂടെ നടത്തേണ്ടിയിരുന്ന പദയാത്രയില്‍ നിന്നാണ് അമിത് ഷാ പിന്‍മാറിയത്. ഇതോടെ ബിജെപിയുടെ സംസ്ഥാന നേതൃത്വം ആശങ്കയിലായി.
രാവിലെ മമ്പ്രത്ത് നിന്ന് തുടങ്ങുന്ന ജാഥയില്‍ അമിത് ഷാ പങ്കെടുക്കേണ്ടതായിരുന്നു. രാവിലെ എട്ടിന് കോഴിക്കോട് എത്തുന്ന വിമാനത്തില്‍ വരുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ അതില്‍ വന്നില്ല. പിന്നീട് ഉച്ചക്ക് 2ന് എത്തേണ്ട ചാര്‍ട്ടേഡ് വിമാനത്തിലും അമിത് ഷാ ഇല്ലെന്ന് ഉറപ്പായതോടെ ജാഥാംഗങ്ങളായ നേതാക്കള്‍ എന്തുചെയ്യണമെന്നറിയാത്ത നിലയിലായി. പിന്നീട് അമിത് ഷാ എത്തുകയില്ലെന്ന് സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ തന്നെ അറിയിക്കുകയായിരുന്നു. പ്രധാനമന്ത്രിയായി അടിയന്തരമായി ചര്‍ച്ച നടത്തേണ്ടതിനാലാണ് വരാത്തതെന്നാണ് കുമ്മനത്തിന്റെ വിശദീകരണം.

കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിനെതിരെയും സിപിഐ എമ്മിനെതിരേയും കള്ളത്തരങ്ങള്‍ പ്രചരിപ്പിച്ച് നടത്തുന്ന ജാഥ തുടക്കം മുതലേ പൊളിഞ്ഞിരുന്നു. മെഡിക്കല്‍കോഴയടക്കമുള്ളവയില്‍പെട്ട സംസ്ഥാന നേതാക്കള്‍ക്കു പകരം പുറത്തുനിന്ന് മറ്റ് നേതാക്കളെ കൊണ്ട് വന്ന് ജാഥ വിജയിപ്പിക്കാമെന്നായിരുന്നു കണക്കുകൂട്ടല്‍. ജാഥയുടെ ആദ്യദിനത്തില്‍ പങ്കെടുത്ത അമിത് ഷാ പിന്നീട് മുങ്ങിയതോടെ ആ പ്രതീക്ഷയും ബിജെപിക്ക് ഇല്ലാതായി. ഇന്നലെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വന്നിട്ടും ഒരുചലനവും സൃഷ്ടിക്കാന്‍ കഴിഞ്ഞില്ല.

