KOYILANDY DIARY.COM

The Perfect News Portal

ജനങ്ങളുടെ കാവലാളായി തുടരും വി. എസ്.

തിരുവനന്തപുരം: ജനങ്ങളുടെ കാവലാളായി താന്‍ തുടര്‍ന്നും നിലകൊള്ളുമെന്ന് വി.എസ് അച്യുതാനന്ദന്‍. പിണറായിയെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്ത പാര്‍ട്ടി തീരുമാനം വന്ന ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് വി.എസ് നിലപാട് വ്യക്തമാക്കിയത്. എഴുതി തയാറാക്കിയ വാര്‍ത്താക്കുറുപ്പിന്റെ അവസാന വാചകമായാണ് താന്‍ ജനകീയ വിഷയങ്ങള്‍ ഏറ്റെടുത്ത് ജനങ്ങളുടെ കാവലാളായി തുടര്‍ന്നുമുണ്ടാകുമെന്ന് വി.എസ് പറഞ്ഞത്.

യു.ഡി.എഫ് സര്‍ക്കാരിനെ തുറന്നുകാണിക്കാന്‍ കഴിഞ്ഞു. ക്രിയാത്മക പ്രതിപക്ഷമായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു. എല്‍.ഡി.എഫിനെ അധികാരത്തിലെത്തിച്ച വോട്ടര്‍മാരെ അഭിനന്ദിക്കുന്നുവെന്നും അതിന് സഹായിച്ച മുഴുവന്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും നന്ദിയും പറഞ്ഞുകൊണ്ട് തുടങ്ങിയ വാര്‍ത്താക്കുറിപ്പില്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെ വിമര്‍ശിക്കാനും വി.എസ് മറന്നില്ല. പ്രചാരണവേളയില്‍ ജില്ലകള്‍ തോറും ലഭിച്ച ആവേശകരമായ സ്വീകരണം ജനങ്ങളുടെ പ്രശ്നങ്ങള്‍ എല്‍.ഡി.എഫ് എത്രമാത്രം വിലമതിക്കുന്നുവെന്ന് തെളിയിച്ചതാണ്.

സ്ത്രീപീഢനം, ഭൂമിപതിച്ചുനല്‍കിയത്, ബാര്‍കോഴ, സോളാര്‍ കുംഭകോണം എന്നിവ ഏത് കൊച്ചുകുട്ടിക്ക് പോലും അറിയാവുന്നതാണ്. തെളിവില്ലെന്നും കേസില്ലെന്നും തെളിവ് ശേഖരിക്കാന്‍ ബാധ്യസ്ഥനായ മുഖ്യമന്ത്രി തന്നെ തീര്‍പ്പ് കല്‍പ്പിക്കുന്നതാണ് നാം കണ്ടത്. യുവാക്കളെ പറ്റിച്ചും കടലാസ് വികസനം ഉദ്ഘാടനം ചെയ്തും പരമ്ബരാഗത തൊഴില്‍മേഖല, കടല്‍, കായല്‍ കയ്യേറ്റം, പൊതുമേഖല വ്യവസായങ്ങളെ തകര്‍ത്തു. ഐ.ടി മേഖലയില്‍ പുരോഗതിയുണ്ടായില്ല. കണ്ണൂര്‍ വിമാനത്താവളത്തില്‍ അഴിമതിയാണ് നടന്നത്. വിമാനം ഇറങ്ങാന്‍ എല്‍.ഡി.എഫ് വരണമെന്ന് ജനങ്ങള്‍ ആഗ്രഹിച്ചു. ഞങ്ങള്‍ പൂര്‍ത്തിയാക്കുമെന്ന് ജനം പ്രതീക്ഷിക്കുന്നു.

Advertisements

വന്‍കിട കുംഭകോണങ്ങള്‍ പുറത്തുകൊണ്ടുവരികയും സോളാര്‍, പാറ്റൂര്‍, നിലംനികത്തല്‍, കയ്യേറ്റം, ബാര്‍കോഴ ഇവയിലെല്ലാം സുതാര്യവും സത്യസന്ധവുമായ അന്വേഷണം ആഗ്രഹിക്കുന്നു. ജിഷയുടെ ഘാതകരെ തുറുങ്കിലടയ്ക്കുകയും വിവരാവകാശ നിയമത്തില്‍ വെള്ളം ചേര്‍ത്ത നടപടി തിരുത്തി കൊച്ചി മെട്രോ കണ്ണൂര്‍ വിമാനത്താവളം തുടങ്ങിയ സ്വപ്ന പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് ജനങ്ങള്‍ പ്രതീക്ഷ വെക്കുന്നത് എല്‍.ഡി.എഫിലാണ്. അതിന് അവസരം നല്‍കിയ എല്ലാ കേരളീയരോടും നന്ദി. പ്രതിപക്ഷ നേതാവെന്ന നിലയില്‍ നല്‍കിയ പിന്തുണയും സ്മരിക്കുന്നു. ജനകീയവിഷയങ്ങളിലെ നിലപാടുമായി ജനങ്ങളുടെ കാവലായാളി നിലകൊള്ളുമെന്ന് ഉറപ്പ് നല്‍കുന്നു. വി.എസ് ആലപ്പുഴയിലേക്ക് മടങ്ങുമോ എന്ന ചോദ്യത്തിന് താന്‍ തിരുവനന്തപുരത്ത് തന്നെയുണ്ടാകും എന്ന് വി.എസ് മറുപടി നല്‍കുകയും ചെയ്തു. പിണറായി മുഖ്യമന്ത്രിയാകുമ്ബോള്‍ വി.എസിന് എന്ത് സ്ഥാനമാണ് മുന്നില്‍വെച്ചിരിക്കുന്നതെന്ന ചോദ്യത്തിന് എന്തെങ്കിലും സ്ഥാനം താന്‍ ആഗ്രഹിക്കുമെന്ന് ജനം വിശ്വസിക്കില്ലെന്നായിരുന്നു മറുപടി.

Share news