ചേര്‍ത്തലയില്‍ വീട്ടമ്മ ഷോക്കേറ്റ് മരിച്ചു
 
        ആലപ്പുഴ: തുടര്‍ച്ചയായി പെയ്യുന്ന കനത്ത മഴയില്‍ ആലപ്പുഴ ജില്ലയില്‍ ജനജീവിതം ദുസ്സഹമായി. ചേര്‍ത്തലയില്‍ വീട്ടമ്മ ഷോക്കേറ്റ് മരിച്ചു. വിവിധ സ്ഥലങ്ങളിലായി നിരവധി വീടുകള്‍ തകര്‍ന്നു. കിഴക്കന്‍ വെള്ളത്തിന്റെ കുത്തൊഴുക്കില്‍ കുട്ടനാട് വെള്ളപ്പൊക്ക ഭീഷണിയിലാണ്.
ആലപ്പുഴ ജില്ലയിലെ ഭൂരിഭാഗം പ്രദേശങ്ങളും വെള്ളത്തിനടിയിലായി. മഴയ്‌ക്കൊപ്പമെത്തിയ ശക്തമായ കാറ്റ് വന്‍നാശം വിതച്ചു. മരങ്ങള്‍ കടപുഴകി വീണും മറ്റും നിരവധി വീടുകളാണ് തകര്‍ന്നത്.കുട്ടനാട്, അപ്പര്‍കുട്ടനാട്, ഓണാട്ടുകര, തീരദേശം,വടക്കന്‍ പ്രദേശങ്ങളിലുള്‍പ്പെടെ വ്യാപകമായ മഴക്കെടുതികളാണ് ഉണ്ടായത്. ആലപ്പുഴ-ചങ്ങനാശ്ശേരി റോഡ് ഏറെക്കുറെ വെള്ളത്തിനടിയിലാണ്. ശക്തമായ കാറ്റിലും മഴയിലും ജില്ലയിലെ വിവിധ താലൂക്കുകളിലായി 76 വീടുകള്‍ ഭാഗികമായി തകര്‍ന്നു. കാര്‍ത്തികപ്പള്ളി താലൂക്കില്‍ മാത്രം 68 വീടുകളാണ് തകര്‍ന്നത്. 13.37 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി റവന്യൂ അധികൃതര്‍ അറിയിച്ചു.

കുട്ടനാട് പുളിങ്കുന്ന് വില്ലേജില്‍ ഒരുവീട് പൂര്‍ണമായും തകര്‍ന്നു. ചേര്‍ത്തല താലൂക്കിലെ തൈക്കാട്ട്‌ശ്ശേരിയില്‍ വൈദ്യുതാഘാതമേറ്റ് മത്സ്യവില്‍പ്പനക്കാരി മരിച്ചു. ഫിഷര്‍മെന്‍ കോളനിയില്‍ സുഭദ്രയാണ് മരിച്ചത്. കാലവര്‍ഷവുമായി ബന്ധപ്പെട്ട് ജില്ലയില്‍ ആരംഭിച്ച അഞ്ച് ദുരിതാശ്വാസ ക്യാമ്ബുകള്‍ തുടരുകയാണ്. ക്യാമ്ബുകളില്‍ ആകെ 46 കുടുംബങ്ങളില്‍ നിന്നായി 166 പേര്‍ താമസിക്കുന്നു. കാലവര്‍ഷം ശക്തമായതിനൊപ്പം കടലാക്രമണവും രൂക്ഷമായിട്ടുണ്ട്.

ആറാട്ടുപുഴ, തൃക്കുന്നപ്പുഴ, പുറക്കാട്, അമ്ബലപ്പുഴ, പുന്നപ്ര, മാരാരിക്കുളം, ഒറ്റമശ്ശേരി, പള്ളിത്തോട് തുടങ്ങിയ പ്രദേശങ്ങളില്‍ രൂക്ഷമായ കടലാക്രമണമാണ് അനുഭവപ്പെടുന്നത്. കാറ്റും, മഴയും ശക്തി പ്രാപിക്കുമെന്ന് മുന്നറിയിപ്പുള്ളതിനാല്‍ ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.



 
                        

 
                 
                