ചെറുപ്രായത്തില്‍ തന്നെ അനാഥരാകേണ്ടി വന്ന നവ്യയ്ക്കും ഫിഡല്‍ദേവിനും ജനമൈത്രി പൊലീസ് സംരക്ഷകരായി

പേരാമ്പ്ര : ചെറുപ്രായത്തില്‍ തന്നെ അനാഥരാകേണ്ടി വന്ന വാല്യക്കോട് വട്ടക്കണ്ടി മീത്തല്‍ നവ്യയ്ക്കും ഫിഡല്‍ദേവിനും പേരാമ്പ്ര ജനമൈത്രി പൊലീസ് സംരക്ഷകരായി. മൂന്ന് വര്‍ഷം മുമ്പ് ഒരേ ദിവസം അച്ഛനും അമ്മയും നഷ്ടപ്പെട്ട ഇവരെ ജനമൈത്രി പൊലീസ് ദത്തെടുക്കുകയായിരുന്നു.
പിതൃസഹോദരിയുടെ വീട്ടില്‍ അച്ഛമ്മയുടെ തണലില്‍ കഴിയുന്ന ഇവര്‍ക്ക് സ്വന്തമായൊരു വീടില്ല. ഗ്രാമപഞ്ചായത്ത് അനുവദിച്ച മൂന്ന് ലക്ഷം രൂപയും വാല്യക്കോട് എ.യു.പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ സമാഹരിച്ചു നല്‍കിയ ഒരു ലക്ഷം രൂപയും ഉപയോഗിച്ച് നടത്തിയ വീടുപണി പാതിവഴിയില്‍ നിലച്ചു. വീടിന്റെ പൂര്‍ത്തീകരണം ഇപ്പോള്‍ ജനമൈത്രി പൊലീസ് ഏറ്റെടുത്തിരിക്കുകയാണ്. സന്നദ്ധ സംഘടനകളുടെയും വ്യാപാരികളുടെയും സഹായത്തോടെയാണ് ഈ ഉദ്യമം നടത്തുന്നതെന്ന് അധികൃതര്‍ അറിയിച്ചു. പേരാമ്പ്രയിലെ വ്യാപാരികളില്‍ നിന്ന് സമാഹരിച്ച വയറിംഗിനുള്ള സാധനങ്ങള്‍ ഇന്ന് പേരാമ്പ്ര പൊലീസ് സ്‌റ്റേഷനില്‍ നടന്ന ചടങ്ങില്‍ ഇവര്‍ക്ക് കൈമാറി.

പേരാമ്പ്ര വയര്‍മെന്‍ അസോസിയേഷനാണ് വയറിംഗ് ജോലി പൂര്‍ണ്ണമായും സൗജന്യമായി ചെയ്ത് കൊടുക്കുന്നത്.
വയറിംഗ് സാധനങ്ങള്‍ സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ കെ.പി. സുനില്‍കുമാറില്‍ നിന്ന് നവ്യയും ഫിദല്‍ദേവും ഏറ്റുവാങ്ങി. നൊച്ചാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാരദ പട്ടേരിക്കണ്ടി, സബ്ബ് ഇന്‍സ്പക്ടര്‍ ടി.പി. ദിനേശന്‍ മറ്റ് പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

