ചെങ്ങോട്ടുകാവ് മേൽപ്പാലത്തിൽ രൂപപ്പെട്ട അപകടകരമായ കുഴി പോലീസ് അടച്ചു

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് മേൽപ്പാലത്തിൽ രൂപപ്പെട്ട കുഴിയിൽ വാഹനങ്ങൾ വീണ് അപകടം പറ്റിയതിനെ തുടർന്ന് നൈറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാർ രംഗത്തിറങ്ങി കല്ലുകൾ പതിച്ച് താൽകാലികമായി കുഴിയടച്ചു. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം.
നിരവധി വാഹനങ്ങളാണ് ഭീമൻ കുഴിയിൽപ്പെട്ട് ടയറുകൾ പഞ്ചറാവുകയും, ബ്രേക്ക് പോവുകയും ചെയ്തത്. രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാർ ഇരുപതോളം ചെങ്കല്ലുകൾ ശേഖരിച്ച് രാത്രിയിൽ തന്നെ കുഴി അടച്ചതിനാൽ കൂടുതൽ അപകടങ്ങൾ ഒഴിവാഴി.

കഴിഞ്ഞ മാസമാണ് പാലത്തിലെ കുഴികൾ പൂർണ്ണമായും അടച്ചത്. എന്നാൽ മഴ പെയ്തപ്പോഴേക്കും കുഴികൾ ഭീകരമായി മാറിയിരിക്കുകയാണ്. മേൽപ്പാലത്തിലെ കുഴികളുടെ അറ്റകുറ്റപണികൾ തീർക്കാൻ ലക്ഷകണക്കിന് രൂപയാണ് സർക്കാർ ചിലവഴിച്ചത്. എന്നാൽ പണം കുഴിയിലായത് മാത്രമാണ് മെച്ചം.

