ചെങ്ങോട്ടുകാവ് മേൽപാലത്തിലെ റോഡ് അറ്റകുറ്റപണി യൂത്ത് കോൺഗ്രസ്സ് തടസ്സപ്പെടുത്തി

കൊയിലാണ്ടി: ദേശീയ പാതയിലെ ചെങ്ങോട്ടുകാവ് മേൽപ്പാലത്തിൽ അറ്റകുറ്റപണികൾക്കായി കഴിഞ്ഞ മൂന്നു ദിവസമായി ഗതാഗത കുരുക്ക് സൃഷ്ടിച്ച് പണി നടത്തുന്നതിൽ പ്രതിഷേധിച്ച് റോഡ് അറ്റകുറ്റപണി യൂത്ത് കോൺഗ്രസ്സ് തടസ്സപ്പെടുത്തി. ഏതാനും മണിക്കൂറുകൾ കൊണ്ട് തീരേണ്ട ജോലി ഇഴഞ്ഞ് നിങ്ങുകയാണ്. യാത്രക്കാരെ മണിക്കൂറുകളോളം ഗതാഗതകുരുക്കിലാക്കുന്ന നടപടി അംഗീകരിക്കാനാവില്ലെന്ന് യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ പറഞ്ഞു.
ഉപരോധത്തെ തുടർന്ന് പൊതുമരാമത്ത് അസി: എഞ്ചിനീയറും ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കൂമുള്ളി കരുണാകരനും കരാറുകാരനും യൂത്ത് കോൺഗ്രസ്സ് നേതാക്കളുമായി ചർച്ച നടത്തിയതിനെ തുടർന്ന് ഒരു ദിവസം കൊണ്ട് പണി പൂർത്തിയാക്കാമെന്നും ഗതാഗത തടസ്സമുണ്ടാവാതെ ക്രമീകരണം നടത്തി ടാറിംങ്ങ് നടത്താമെന്നുള്ള ഉറപ്പിനെ തുടർന്ന് ഉപരോധം അവസാനിപ്പിച്ചു. ഉപരോധത്തിന് രജീഷ് വെങ്ങളത്തുകണ്ടി, രജേഷ് കീഴരിയൂർ, ജയേഷ് ചേലിയ, അരുൺ മണമൽ, ഗോപി, റോഷൻ തുടങ്ങിയവർ നേതൃത്വം നൽകി.

