ചെങ്ങോട്ടുകാവിൽ ബിജെപി സ്ഥാനാർത്ഥിയും സംഘവും ഡിവൈഎഫ്ഐ പ്രവർത്തകരെ അക്രമിച്ചു
കൊയിലാണ്ടി: ചെങ്ങോട്ടുകാവ് പഞ്ചായത്തിൽ പര്യടം നടത്തുകയായിരുന്ന ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ വാഹനം കടന്നു പോകുമ്പോൾ പതിനാലാം വാർഡിലെ തുവ്വയിൽ ശ്യാമളയുടെ വീട്ടിലേക്കുള്ള കേബിൾ കണക്ഷൻ തകർന്നിരുന്നു. കുട്ടികളുടെ പഠനം മുടങ്ങുമെന്നതിനാൽ അത് ശരിയാക്കി തരണമെന്ന് വീട്ടമ്മ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് അവഗണിച്ച് വാഹനം മുന്നോട്ട് നീങ്ങിയപ്പോൾ ഡിവൈഎഫ്ഐ പ്രവർത്തകനായ പടിഞ്ഞാറെ ചാത്തനാട് പ്രജീഷ് ഇടപെട്ടു. വീട്ടമ്മയുടെ ആവശ്യം മാന്യമായി പരിഹരിക്കണമെന്ന് പ്രജീഷ് ഇവരോട് പറഞ്ഞു.

എന്നാൽ വാഹനത്തിലുണ്ടായിരുന്നവരും സ്ഥാനാർഥി ജയരാജൻ ഉൾപ്പെടെയുള്ള മറ്റ് പ്രവർത്തകരും സംഘം ചേർന്ന് പ്രജീഷിനെയും തടയാൻ ചെന്ന വരെയും ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ഗുരുതരമായ പരിക്കേറ്റ പ്രജീഷിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ നിന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ചേലിയ എൽഡിഎഫ് സ്ഥാനാർഥി കെ കെ ഗംഗാധരൻ്റെ മകനും ഡിവൈഎഫ്ഐ മേഖലാ കമ്മിറ്റി അംഗവുമാണ് പ്രജീഷ്.

സമാധാനാന്തരീക്ഷം നിലനിൽകുന്ന പ്രദേശത്ത് ബോധപൂർവ്വം കുഴപ്പങ്ങൾ ഉണ്ടാക്കാനുള്ള ആസൂത്രിതമായ ശ്രമമാണിതെന്ന് സ്ഥലം സന്ദർശിച്ച തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി അനിൽ പറമ്പത്ത് എൽ.സി സെക്രട്ടറി വികാസ് കെ എസ് എന്നിവർ പറഞ്ഞു. സ്ഥലത്തെ സമാധാന അന്തരീക്ഷം തകർക്കാനുള്ള ശ്രമത്തിനെതിരെ ജനങ്ങൾ ഒറ്റക്കെട്ടായി അണിനിരക്കണമെന്നും യാതൊരു പ്രകോപനവും യുവാക്കളുടെ ഭാഗത്തുനിന്ന് ഉണ്ടാകരുതെന്നും ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡൻറ് രതീഷ് അഭ്യർത്ഥിച്ചു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും രതീഷ് പറഞ്ഞു. സംഭവത്തിൽ ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു.


