KOYILANDY DIARY.COM

The Perfect News Portal

ചെങ്ങന്നൂര്‍ നിയോജക മണ്ഡലത്തിലെ വഴിവിളക്കുകളും സര്‍ക്കാര്‍ ഓഫീസുകളും സോളാര്‍ വെളിച്ചത്തിലേക്ക്

ചെങ്ങന്നൂര്‍: നിയോജക മണ്ഡലത്തിലെ വഴിവിളക്കുകളും സര്‍ക്കാര്‍ ഓഫീസുകളും സോളാര്‍ വെളിച്ചത്തിലേക്ക്. സോളാര്‍ പാനലുകള്‍ വഴി തദ്ദേശ സ്ഥാപനങ്ങളിലെ വഴി വിളക്കുകള്‍ പ്രവര്‍ത്തിക്കുന്നതിനാവശ്യമായ ഊര്‍ജം ഉല്‍പ്പാദിപ്പിക്കുകയെന്നത് കെ കെ രാമചന്ദ്രന്‍നായര്‍ എംഎല്‍എ ആയിരിക്കെ തുടക്കംകുറിച്ച വിപ്ളവകരമായ ദൌത്യമാണ്. 108 വഴിവിളക്കുകളാണ് പദ്ധതിയുടെ ആദ്യഘട്ടമായി സ്ഥാപിക്കുക. കൂടാതെ മണ്ഡലത്തിലെ ഓഫീസുകള്‍ ‘വൈദ്യുതി ബില്‍രഹിത’മാകാനും തയ്യാറെടുക്കുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ഹരിതകേരളം പദ്ധതിയുടെ ഭാഗമായാണ് പ്രകൃതി സൌഹൃദമായ പദ്ധതി നടപ്പാക്കിയത്.

മുളക്കുഴ പഞ്ചായത്തില്‍ പദ്ധതിക്ക് വിജയകരമായി തുടക്കം കുറിച്ചുകഴിഞ്ഞു. എംഎല്‍എയുടെ ആസ്തിവികസന ഫണ്ടില്‍ നിന്നും 64.4 ലക്ഷം രൂപയാണ് 10 പഞ്ചായത്തുകള്‍ക്കും ചെങ്ങന്നൂര്‍ നഗരസഭയ്ക്കുമായി ചെലവഴിക്കുക. ആദ്യഘട്ടത്തില്‍ ബ്ളോക്കു പഞ്ചായത്തിന്റെ 2016-17 ജനകീയാസൂത്രണപദ്ധതിയില്‍ ഇതിനായി 12 ലക്ഷം രൂപ വകയിരുത്തിയിരുന്നു. പൊതുമേഖല സ്ഥാപനമായ കെല്‍ട്രോണാണ് 10 കിലോ വാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന പാനലുകള്‍ സ്ഥാപിച്ചത്. ഇതിനായി ബ്ളോക്കു പഞ്ചായത്ത് ഓഫീസിന്റെ മേല്‍ക്കൂരയില്‍ 1200 ചതുരശ്രയടി സ്ഥലം കണ്ടെത്തി.

ചെങ്ങന്നൂര്‍ ബ്ളോക്കു പഞ്ചായത്ത് ഓഫീസ് വളപ്പിലുള്ള പ്രധാന ഓഫീസ് കെട്ടിടം, ഓഡിറ്റോറിയം, പട്ടികജാതി വികസന ഓഫീസ്, തദ്ദേശഭരണ വകുപ്പ് അസിസ്റ്റന്റ് എന്‍ജിനിയറുടെ ഓഫീസ് എന്നിവിടങ്ങളില്‍ വൈദ്യുതി ലഭിച്ചുതുടങ്ങി. പാണ്ടനാട് കമ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍, പുലിയൂരിലെ പട്ടികജാതി- പട്ടിക വര്‍ഗ വിഭാഗക്കാര്‍ക്കായുള്ള പ്രീമെട്രിക്ക് ഹോസ്റ്റല്‍, ചെങ്ങന്നൂര്‍ മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ഡയറി എക്സ്റ്റന്‍ഷന്‍ ഓഫീസ്, അഗ്രിക്കള്‍ച്ചര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ് എന്നിവിടങ്ങളിലും സോളാര്‍ ഊര്‍ജം ഉല്‍പ്പാദിപ്പിക്കുന്നത് ഉടന്‍ പ്രാവര്‍ത്തികമാക്കും. ഒപ്പം ചെങ്ങന്നൂര്‍ എന്‍ജിനിയറിങ് കോളേജിന്റെ മേല്‍ക്കൂരയില്‍ 2000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ സ്ഥാപിക്കാന്‍ പോകുന്ന സോളാര്‍ പാനല്‍വഴി 200 കിലോ വാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ കഴിയും. കോളേജിന്റെ ഉപയോഗശേഷം മിച്ചംവരുന്ന സൌരോര്‍ജം സമീപത്തെ സര്‍ക്കാര്‍ ഓഫീസുകളിലും വീടുകളിലും നല്‍കാനും ലക്ഷ്യമിടുന്നു. മുളക്കുഴ പഞ്ചായത്തിലെ പത്ത് വാര്‍ഡുകളിലായി സൌരോര്‍ജ വിളക്കുകള്‍ സ്ഥാപിക്കുന്നതിനും തുടക്കമായി.

Advertisements

ചെറിയനാട് പഞ്ചായത്തിലെ 12 വാര്‍ഡുകളില്‍ പദ്ധതി നടപ്പാക്കും. ഇവിടെ ഇനി അനുമതി കിട്ടാനുള്ളത് രണ്ട് വാര്‍ഡില്‍ മാത്രം. തിരുവന്‍വണ്ടൂര്‍ പഞ്ചായത്തിലെയും 10 വാര്‍ഡുകളില്‍ സോളാര്‍ വെളിച്ചമെത്തും. ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്തിലും പത്ത് ലൈറ്റുകളും പുലിയൂരിലും പത്ത് വാര്‍ഡുകളിലായി പത്ത് ലൈറ്റുകള്‍ നിര്‍മിക്കും. പാണ്ടനാട്ടിലെ പത്ത് വാര്‍ഡുകള്‍, ആല പഞ്ചായത്തിലെ പത്ത് വാര്‍ഡുകള്‍, മാന്നാര്‍ പഞ്ചായത്തിലെ ഒമ്ബത് വാര്‍ഡുകള്‍, ബുധനൂരില്‍ ഒമ്ബത്, വെണ്‍മണിയില്‍ പത്ത് വാര്‍ഡുകള്‍, ചെങ്ങന്നൂര്‍ നഗരസഭയിലെ പത്ത് വാര്‍ഡുകള്‍ എന്നിവിടങ്ങളിലും സോളാര്‍ വഴിവിളക്കുകള്‍ സ്ഥാപിക്കും. സംസ്ഥാനത്ത് തന്നെ ആദ്യമാണ് പൂര്‍ണമായും സൌരോര്‍ജ്ജത്താല്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ എന്ന ലക്ഷ്യത്തിലേക്ക് ചെങ്ങന്നൂര്‍ മണ്ഡലം ഒറ്റക്കെട്ടായി നീങ്ങുന്നത്.

Share news

Leave a Reply

Your email address will not be published. Required fields are marked *