ചെങ്ങന്നൂരിൽ ബി.ജെ.പി മൂന്നാം സ്ഥാനത്തേക്ക് പതിക്കും: വെളളാപ്പളളി

ആലപ്പുഴ: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ബാക്കിനില്‍ക്കെ ബിജെപി-ബിഡിജെഎസ് പോര് രൂക്ഷമാകുന്നു. ബിജെപിയുടെ സമീപനത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും രംഗത്തെത്തിയതോടെയാണ് ബിജെപി-ബിഡിജെഎസ് തര്‍ക്കം പുതിയ തലങ്ങളിലേക്ക് നീങ്ങിയത്.
ബിഡിജെഎസ് പിന്മാറിയാല്‍ ചെങ്ങന്നൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥി ശ്രീധരന്‍പിള്ളയ്ക്ക് പഴയ വോട്ട് ലഭിക്കില്ലെന്നും, അദ്ദേഹം മൂന്നാമതാകുമെന്നും വെള്ളാപ്പള്ളി നടേശന്‍ ചേര്‍ത്തലയില്‍ പറഞ്ഞു. ചെങ്ങന്നൂരില്‍ ത്രികോണ മത്സരമാണെന്നും, ഇനി ബിഡിജെഎസ്-ബിജെപി പ്രശ്നങ്ങള്‍ പരിഹരിച്ചാലും ശ്രീധരന്‍പിള്ളയുടെ വിജയസാദ്ധ്യത സംശയമാണെന്നും അദ്ദേഹം പറഞ്ഞു.

എന്‍ഡിഎയിലെ മുഖ്യകക്ഷിയായ ബിജെപിയെ രൂക്ഷമായ ഭാഷയിലാണ് വെള്ളാപ്പള്ളി നടേശന്‍ വിമര്‍ശിച്ചത്. ബിജെപി അവരുടെ മുന്നണിയിലെ ഘടകക്ഷികള്‍ക്ക് ഒന്നും നല്‍കിയില്ല. 200ലധികം പോസ്റ്റുകള്‍ ബിജെപി തന്നെയാണ് സ്വന്തമാക്കിയത്. ബിജെപി വിചാരിച്ച കാര്യങ്ങളെല്ലാം നിമിഷനേരം കൊണ്ട് നടത്തി. എന്നാല്‍ പ്രശ്നം പരിഹരിക്കാന്‍ ആരും ശ്രമിച്ചില്ല. കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനവും പ്രശ്നത്തില്‍ ഇടപെട്ടില്ല. ഗത്യന്തരമില്ലാതെയാണ് ബിഡിജെഎസ് സമ്മര്‍ദ്ദതന്ത്രത്തിലേക്ക് നീങ്ങിയത്- വെള്ളാപ്പള്ളി പറഞ്ഞു.

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ പൂര്‍ണ്ണചിത്രം വ്യക്തമായാല്‍ മാത്രമേ എസ്‌എന്‍ഡിപി നിലപാട് പ്രഖ്യാപിക്കുകയുള്ളുവെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. ബിജെപി സ്ഥാനാര്‍ത്ഥി ശ്രീധരന്‍പിള്ള കാണാന്‍ വന്നിരുന്നു. പ്രശ്നം പരിഹരിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് എഴുതി നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. അതേസമയം, ഇപ്പോള്‍ ശ്രീധരന്‍പിള്ള മൂന്നാം സ്ഥാനത്താണെന്നും, മറ്റൊരിടം കിട്ടിയാല്‍ എന്‍ഡിഎ വിട്ടുപോകണമെന്നാണ് വ്യക്തിപരമായ അഭിപ്രായമെന്നും വെള്ളാപ്പള്ളി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ബിഡിജെഎസ് വര്‍ഗീയ പാര്‍ട്ടിയാണെന്ന സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എംവി ഗോവിന്ദന്റെ പ്രസ്താവനയെയും വെള്ളാപ്പള്ളി വിമര്‍ശിച്ചു. എംവി ഗോവിന്ദന്റെ പ്രസ്താവന അപക്വവും അനവസരത്തിലുമുള്ളതാണ്. ചെങ്ങന്നൂരിലെ സ്ഥാനാര്‍ത്ഥി സജി ചെറിയാനെ തോല്‍പ്പിക്കാനായി എംവി ഗോവിന്ദന്‍ മനപൂര്‍വ്വം പറഞ്ഞതാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കി.
ചേര്‍ത്തലയില്‍ പത്രസമ്മേളനം വിളിച്ച് വെള്ളാപ്പള്ളി നിലപാട് വ്യക്തമാക്കിയതോടെ ബിജെപി നേതൃത്വം അങ്കലാപ്പിലായിരിക്കുകയാണ്. ബിഡിജെഎസ് നല്‍കിയ ഒരു വാണിങ് മാത്രമാണ് വെള്ളാപ്പള്ളിയുടെ വാക്കുകള്‍. അതിനാല്‍ ബിഡിജെഎസുമായുള്ള പ്രശ്നങ്ങള്‍ എത്രയും പെട്ടെന്ന് പരിഹരിച്ച് ചെങ്ങന്നൂരില്‍ ഐക്യം നിലനില്‍ത്തണമെന്നും, വിജയിക്കണമെന്നുമാണ് ബിജെപിയിലെ ഒരുവിഭാഗം നേതാക്കളുടെ അഭിപ്രായം. അതേസമയം, വെള്ളാപ്പള്ളിക്ക് അമിതപ്രാധാന്യം നല്‍കുന്നതില്‍ ചിലര്‍ക്ക് എതിര്‍പ്പുമുണ്ട്.
