ചിന്‍മയ വിദ്യാലയത്തിലെ മാനേജ്മെന്റിന്റെ നിരന്തരമായ പീഡനം: അധ്യാപകരും ജീവനക്കാരും സമരത്തിലേക്ക്

കണ്ണൂര്‍: കണ്ണൂര്‍ ചിന്‍മയ വിദ്യാലയത്തിലെ മാനേജ്മെന്റിന്റെ നിരന്തരമായ പീഡനങ്ങള്‍ സഹിക്കാനാവാതെ അധ്യാപകരും ജീവനക്കാരും സമരത്തിലേക്ക്. കേരള അണ്‍ എയ്ഡഡ് സ്കൂള്‍ സ്റ്റാഫ് ആന്റ് ടീച്ചേര്‍സ് യൂണിയന്റെ നേതൃത്വത്തില്‍ ജൂലായ് 17 മുതല്‍ സമരം നടത്തും. ഇതുമായി ബന്ധപ്പെട്ട് സമരസമിതി രൂപീകരിച്ചു. തങ്ങളുടെ ചൊല്‍പ്പടിക്ക് നില്‍ക്കാത്ത അധ്യാപകരെയും ജീവനക്കാരെയും ഒറ്റപ്പെടുത്തി ജോലിയില്‍ നിന്ന് പിരിച്ചുവിടല്‍ ഉള്‍പ്പെടെ കടുത്ത മാനസിക പീഢനത്തിനിരയാക്കുകയാണ് ചിന്‍മയ മാനേജ്മെന്റ്.
സ്കൂളില്‍ യൂണിയന്‍ പ്രവര്‍ത്തനം നടത്തുന്നു എന്നാരോപിച്ച് 8 വര്‍ഷത്തിലേറെയായി സ്ഥിരം തസ്തികയില്‍ ജോലി ചെയ്തുവരുന്ന അധ്യാപികയെ ഈയിടെ പിരിച്ചുവിട്ടിരുന്നു. കൂടെ 5 വര്‍ഷമായി ജോലി ചെയ്തുവരുന്ന മറ്റൊരധ്യാപകനെയും പിരിച്ചുവിട്ടു. വിഷയത്തില്‍ കേരള അണ്‍ എയ്ഡഡ് സ്കൂള്‍ സ്റ്റാഫ് ആന്റ് ടീച്ചേര്‍സ് യൂണിയന്‍ ഇടപെട്ട് സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് അറിയിപ്പ് നല്‍കിയപ്പോള്‍ മാനേജ്മെന്റ് ചര്‍ച്ചക്ക് തയ്യാറായി. പിരിച്ചുവിടല്‍ ഉത്തരവ് റദ്ദാക്കി ഇവരെ ജോലിയില്‍ തിരിച്ചെടുത്തു. എന്നാല്‍ അന്ന് യൂണിയനുമായി ഉണ്ടാക്കിയ ഉറപ്പുകള്‍ ലംഘിക്കുകയാണുണ്ടായത്.

തിരിച്ചെടുത്ത അധ്യാപകന് കരാര്‍ അടിസ്ഥാനത്തില്‍ മാത്രമേ നിയമനം നല്‍കാനാവു എന്നതാണ് മാനേജ്മെന്റിന്റെ പുതിയ നിലപാട്. അത്തരത്തിലുള്ള ഉടമ്ബടിയില്‍ ഒപ്പിട്ടു നല്‍കാത്തതിനാല്‍ പ്രസ്തുത അധ്യാപകനെ കഴിഞ്ഞ ദിവസം ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. അധ്യാപക- അനധ്യാപക ജീവനക്കാര്‍ മാനേജ്മെന്റിന്റെ ഭാഗത്തു നിന്നുള്ള പല തരം പീഡനങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്താന്‍ തുടങ്ങിയപ്പോള്‍ ഭീഷണിയുടെ സ്വരം പ്രയോഗിക്കുകയാണെന്ന് ജീവനക്കാര്‍ പറയുന്നു.

അവധി ദിവസങ്ങളില്‍ നിര്‍ബന്ധിച്ച് ജോലിക്ക് ഹാജരാവാന്‍ പറയുക, അങ്ങനെ ജോലി ചെയ്താല്‍ കോമ്പന്‍സേറ്ററി അവധി നല്‍കാതിരിക്കല്‍, പൂജാ പരിപാടികളില്‍ പങ്കെടുക്കാത്തവരെ കണ്ടെത്തി ഉപദ്രവിക്കല്‍, വിരോധമുളള അധ്യാപകരെ ക്ലാസെടുക്കാന്‍ അനുവദിക്കാതെ സ്റ്റാഫ് മുറികളില്‍ ഇരുത്തല്‍, കുട്ടികളുടെയും മറ്റ ധ്യാപകരുടെയും മുന്നില്‍ അപമാനിക്കല്‍, വില കൂടിയ സാരികള്‍ യൂണിഫോമായി നിശ്ചയിക്കല്‍ എന്നിങ്ങനെയുള്ള പീഡനമുറകളും ചിന്‍മയയില്‍ നടക്കുകയാണ്.

മാനേജ്മെന്റിനെ ഭയന്ന് ഇത്തരം പീഢനങ്ങള്‍ക്കെതിരെ പരാതി പറയാന്‍ മടിച്ചിരിക്കുകയായിരുന്നു മിക്കവരും. സമരസമിതി ഭാരവാഹികളായി പി.പ്രശാന്തന്‍ ( ചെയര്‍മാന്‍ ) കെ.കെ. റിജു ( കണ്‍വീനര്‍ ) കെ. ലത, എം. ശ്രീരാമന്‍ (വൈസ് ചെയര്‍മാന്‍ ) പി.എ. കിരണ്‍, അഡ്വ. വിമലകുമാരി ( ജോ. കണ്‍വീനര്‍ ) എന്നിവരെ തെരഞ്ഞെടുത്തു.
