ചാലിയാറിന്റെ വശ്യ മനോഹാരിത ആസ്വദിക്കാവുന്ന ജലയാത്രാ പദ്ധതിക്ക് തുടക്കമായി

കോഴിക്കോട്: കേരളത്തിന്റെ വിനോദ സഞ്ചാര ഭൂപടത്തില്‍ മലബാറിനെ അടയാളപ്പെടുത്തുന്ന ജലയാത്രാ പദ്ധതിക്ക് കൊളത്തറ – ചുങ്കത്ത് തുടക്കമായി. ചാലിയാറിന്റെ വശ്യ മനോഹാരിത ആസ്വദിക്കാവുന്ന തരത്തിലാണ് യാത്ര ആസൂത്രണം ചെയ്തിരിക്കുന്നത്. ടൂറിസം പ്രമോഷന്റെ ഭാഗമായി കളത്തില്‍ മമ്മുണ്ണിയുടെ സംരംഭമായ ടീം അയലന്റ് എന്ന ഗ്രൂപ്പാണ് മലബാറിന്റെ വിനോദ സഞ്ചാര മേഖലയ്ക്ക് പുത്തനുണര്‍വേകി ജലയാത്രാ പദ്ധതിയ്ക്ക് തുടക്കം കുറിച്ചത്. എം.കെ. രാഘവന്‍ എം.പി ഉദ്ഘാടനം ചെയ്തു. ആദ്യയാത്ര വി.കെ.സി മമ്മത്കോയ എം.എല്‍.എ ഫ്ലാഗ് ഓഫ് ചെയ്തു. കൗണ്‍സിലര്‍ മുല്ലവീട്ടില്‍ മൊയ്തീന്‍കോയ സംബന്ധിച്ചു.
വിനോദ സഞ്ചാരികള്‍ക്ക് ചാലിയാറിന്റെ ഇരുകരകളും കണ്ടാസ്വദിച്ച് ഓളപ്പരപ്പിലൂടെ യാത്ര ചെയ്യാവുന്ന തരത്തിലുള്ള സജ്ജീകരണങ്ങളാണ് ടീം അയലന്റ് ഒരുക്കിയിട്ടുള്ളത്. ചാലിയാറിന്റെ തുരുത്തില്‍ പ്രത്യേകം സജ്ജീകരിച്ച ഫുഡ് ഹട്ടില്‍ നിന്ന് ഭക്ഷണം കഴിക്കാം. നാല്പതു പേര്‍ക്ക് ഒരേ സമയം ഇരുന്ന് യാത്ര ചെയ്യാനുള്ള സൗകര്യങ്ങളുള്ള ബോട്ടില്‍ വിനോദ സഞ്ചാരികളുടെ സൗകര്യാര്‍ത്ഥം ഒരു മണിക്കൂര്‍, മൂന്ന് മണിക്കൂര്‍, ആറ് മണിക്കൂര്‍ പാക്കേജുകളില്‍ ഇഷ്ടമുള്ളതു തിരഞ്ഞെടുക്കാം.

രാവിലെ പത്തു മണിയോടെ യാത്ര ചുങ്കം കടവില്‍ നിന്ന് യാത്ര ആരംഭിക്കും. അഴിഞ്ഞിലം, മൂര്‍ക്കനാട്, അറപ്പുഴ, മണക്കടവ് വഴി ഊര്‍ക്കടവിലെത്തിയ ശേഷം ചെറുവണ്ണൂര്‍, ജെല്ലി ഫിഷ്, ഓട്ടുകമ്ബനി, പുതിയപാലം, ഫറോക്ക്, ചീര്‍പ്പുപാലം, ബേപ്പൂര്‍ തുറമുഖം, പുലിമുട്ട്, ചാലിയം, കരുവന്‍തുരുത്തി എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് വൈകീട്ട് അഞ്ചോടെ തിരിച്ചു ചുങ്കത്തെത്തും. രാവിലെ മുതല്‍ വൈകീട്ട് വരെയുള്ള യാത്രയ്ക്ക് 15 പേര്‍ ഉള്‍പ്പെടുന്ന സംഘത്തിന് 15,000 രൂപയും 25 പേര്‍ക്ക് 17,000 രൂപയും 40 പേര്‍ക്ക് 20,000 രൂപയുമാണ് ചാര്‍ജ്ജ് ഈടാക്കുന്നത്.

സഞ്ചാരികള്‍ക്ക് ഭക്ഷണത്തിനായി ബി.കെ. കനാലിലെ വലിയമാട് തുരുത്തിലെ ഫുഡ് ഹട്ടില്‍ തന്നെ നാടന്‍ കോഴികളെയും താറാവ്, പച്ചക്കറികള്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്. പുഴയില്‍ നിന്നു പിടിക്കുന്ന മത്സ്യങ്ങളും ഭക്ഷ്യ വിഭവമാണ്. സര്‍ക്കാര്‍ നിഷ്കര്‍ഷിക്കുന്ന എല്ലാ വിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടാണ് ബോട്ട് സര്‍വീസ് നടത്തുന്നത്. 46 ലൈഫ് ജാക്കറ്റുകള്‍ ഒരുക്കിയിട്ടുണ്ട്.

