ചന്ദ്രയാന്‍ 2 യാത്ര തുടങ്ങി

തിരുവനന്തപുരം: ചന്ദ്രന്റെ ദക്ഷിണ ധ്രുവം ലക്ഷ്യമാക്കി ചന്ദ്രയാന്‍ 2 യാത്ര തുടങ്ങി. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് 2.43നാണ് ചന്ദ്രയാന്‍ രണ്ടിന്റെ വിക്ഷേപണം നടന്നത്.
ചന്ദ്രയാന്‍ 2 വഹിച്ചുയരുന്ന ജിഎസ്‌എല്‍വി മാര്‍ക്ക് 3, പേടകത്തെ 16 മിനിറ്റിനകം ഭൂമിക്കുമുകളിലെ താല്‍ക്കാലിക ഭ്രമണപഥത്തിലെത്തിക്കും. പടിപടിയായി ഭ്രമണപഥം ഉയര്‍ത്തും. ഈ മാസം അവസാനത്തോടെ ചന്ദ്രന്റെ ആകര്‍ഷണ വലയത്തിലേക്ക് തൊടുത്തുവിടും. വിക്ഷേപണം വൈകിയതിനാല്‍ യാത്രാപഥത്തിലും പരിക്രമണത്തിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.

ആഗസ്ത് അവസാനം ചന്ദ്രപഥത്തിലെത്തുന്ന പേടകം ചന്ദ്രനെ വലംവയ്ക്കും. സെപ്തംബര്‍ ആദ്യം ഭ്രമണപഥം നൂറുകിലോമീറ്ററാക്കി താഴ്ത്തും. അതായത്, ചന്ദ്രന്റെ പ്രതലവും പേടകവും തമ്മിലുള്ള ദൂരം 100 കിലോമീറ്ററാകും. തുടര്‍ന്ന് പേടകത്തില്‍നിന്ന് ലാന്‍ഡര്‍ (വിക്രം) വേര്‍പെടും.

സ്വയം നിയന്ത്രിത സംവിധാനങ്ങള്‍ ഉപയോഗിച്ച് ചന്ദ്രനെ വലംവയ്ക്കുന്ന ലാന്‍ഡര്‍ ദക്ഷിണ ധ്രുവത്തില്‍ ഇറങ്ങേണ്ട സ്ഥലം സ്വയം നിശ്ചയിക്കും. മുന്‍കൂട്ടി നിശ്ചയിച്ച ഈ മേഖലയുടെ ചിത്രങ്ങളും ഘടന സംബന്ധിച്ച വിവരങ്ങളും ശേഖരിച്ചശേഷമാകും ലാന്‍ഡിങ് കേന്ദ്രത്തിന്റെ രൂപരേഖ തയ്യാറാക്കുക. സെപ്തംബര്‍ ഏഴിന് ലാന്‍ഡര്‍ ചന്ദ്രോപരിതലത്തിലേക്ക് സോഫ്റ്റ് ലാന്‍ഡ് ചെയ്യും.

ചന്ദ്രയാന്‍ 2 വിക്ഷേപണം വിജയകരമായി പൂര്‍ത്തിയാക്കിയ ഐഎസ്‌ആര്‍ഒയെയും അതില്‍ പങ്കാളികളായ ശാസ്ത്രജ്ഞരെയും മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിനന്ദിച്ചു.
